കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി
കോട്ടയം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജി വെച്ചു. ഡീന്‍ ചന്ദ്രമോഹന്‍, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍ ബാബാനി പ്രമോദി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചത്. അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി അംഗീകരിക്കാന്‍ ആവില്ലെന്ന് രാജിവെച്ച അധ്യാപകര്‍ പറഞ്ഞു. ശങ്കര്‍ മോഹന് ഈ മാസം പതിനെട്ടാം തീയതി തന്നെ രാജിക്കത്ത് നല്‍കിയിരുന്നതായി അധ്യാപകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കെആര്‍ നാരായണന്‍ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അധ്യാപകരുടെ കൂട്ടരാജി വിവരം പുറത്തുവരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. സ്ഥാപനത്തിന് പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തുമെന്നും മന്ത്രി അറിയിച്ചു.ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഡയറക്ടറുടെ വസതിയില്‍ ജോലിക്കായി നിയോഗിക്കില്ല. സ്ഥാപനത്തില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും വിദ്യാര്‍ത്ഥി ക്ഷേമ സമിതി എന്ന പേരില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരുടെ പരാതി പരിഹാരത്തിനായി സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിപ്ലോമ കോഴ്‌സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനകം പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് 30ന് ഉള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.