കൊല്ലകടവില്‍ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
ചെങ്ങന്നൂർ: ചെറിയനാട് ഗ്രാമപഞ്ചായത്തിലെ കൊല്ലകടവില്‍ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊല്ലകടവ് തോണ്ടലില്‍ തെക്കേതില്‍ വീട്ടിൽ ബാദുഷ ഷാജന്(16), കൊല്ലകടവ് കലാഭവനിൽ മണിയമ്മ (66) എന്നിവർക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാദുഷക്ക് കടിയേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ബാദുഷയുടെ കൈവെള്ളയുടെ അകത്തും പുറത്തും തോളിന് താഴെയും കടിയേറ്റു. ദേഹമാസകലം മാന്തുകയും ചെയ്തു. നിരവധി വളര്‍ത്തുമൃഗങ്ങളെയും നായ് കടിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.മണിയമ്മയെ വൈകീട്ട് അഞ്ചോടെയാണ് കടിച്ചത്. ഇവരുടെ കൈക്കും പുരികത്തിന് താഴെയും മുറിവേറ്റു. ഇരുവരും മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സതേടി. പ്രതിരോധ കുത്തിവെപ്പ് മരുന്ന് ഇല്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങുകയായിരുന്നുവെന്ന് പഞ്ചായത്ത് അംഗം ബിജു പറഞ്ഞു.