പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റ ലഹോറിലെ സമന്‍പാര്‍ക്ക് വസതിയില്‍ പോലീസ് പരിശോധന
ലഹോര്‍: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റ ലഹോറിലെ സമന്‍പാര്‍ക്ക് വസതിയില്‍ പോലീസ് പരിശോധന. തോഷാഖാനക്കേസില്‍ ഹാജരാകാനായി ഇമ്രാന്‍ ശനിയാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയിലേക്കുപോയ സമയത്താണ് പഞ്ചാബ് പോലീസ് വസതിക്കുള്ളില്‍ പ്രവേശിച്ചത്.നടപടിയില്‍ പ്രതിഷേധിച്ച മുപ്പതിലധികം പാകിസ്താന്‍ തെഹര്കി ഇന്‍സാഫ് (പി.ടി.ഐ.) പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകരെ പോലീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പോലീസിന്റെ ക്രൂരനടപടിയില്‍ ഒട്ടേറെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി പി.ടി.ഐ. ആരോപിച്ചു. വസതിക്കുപുറത്ത് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശുന്ന വീഡിയോ പി.ടി.ഐ. പുറത്തുവിട്ടു.പതിനായിരത്തിലധികം പോലീസുകാരടങ്ങിയ സംഘമാണ് പ്രത്യേകദൗത്യത്തില്‍ പങ്കെടുത്തത്. പ്രതിഷേധത്തിന് അയവുവരുത്താനും സമന്‍ പാര്‍ക്കില്‍നിന്ന് ആളുകളെ മാറ്റാനുമായിരുന്നു പോലീസ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നിരോധിതസംഘടനകളില്‍പ്പെട്ടവരടക്കം മേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്ന് വിവരവിനിമയമന്ത്രി അമിര്‍ മിര്‍ അറിയിച്ചു. ഭീകരവാദവിരുദ്ധകോടതിയുടെ സെര്‍ച്ച് വാറന്റുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മാര്‍ച്ച് 18-നുമുമ്പായി ഇമ്രാനെ അറസ്റ്റുചെയ്യണമെന്ന് ഉത്തരവിട്ട് തിങ്കളാഴ്ചയാണ് ജസ്റ്റിസ് ഇഖ്ബാല്‍ ജാമ്യമില്ലാ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റൊഴിവാക്കാന്‍ ദിവസങ്ങളായി വീട്ടില്‍ക്കഴിയുകയായിരുന്നു ഇമ്രാന്‍. പുറത്ത് അദ്ദേഹത്തിന്റെ അനുയായികളും അറസ്റ്റുചെയ്യാനെത്തിയ പോലീസും തമ്മില്‍ സംഘര്‍ഷാവസ്ഥയും നിലനിന്നിരുന്നു. ഒന്നരവര്‍ഷംമുമ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദേശം ഇമ്രാന്‍ പലതവണ അവഗണിക്കുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷാഖാന വകുപ്പില്‍നിന്ന് തുച്ഛവിലയ്‌ക്കെടുത്ത് സ്വന്തം നിലയ്ക്കുവിറ്റ് വന്‍ലാഭമുണ്ടാക്കിയെന്നാണ് ഇമ്രാന്റെ പേരിലുള്ള കേസ്.