പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി
കോയമ്പത്തൂര്‍: പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി. 27കാരനായ യുവാവ് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം പിന്മാറിയതാണ് അക്രമത്തിലേക്ക് നയിച്ചത്. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. ഭവാനിയിലെ വര്‍ണാപുരം സ്വദേശിയായ കാര്‍ത്തി എന്ന യുവാവിനാണ് ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളത്. ശനിയാഴ്ചയാണ് അതിക്രമം നടന്നത്.പെരുന്തുറൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു കാര്‍ത്തി. ബന്ധു കൂടിയായ മീനാ ദേവിയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു കാര്‍ത്തി. വിവാഹം ചെയ്യാമെന്ന് മീനാ ദേവിക്ക് കാര്‍ത്തി വാക്കും നല്‍കിയിരുന്നു. എന്നാല്‍ യുവാവിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതായി മീനാ ദേവി അറിയുകയായിരുന്നു. ഇതിനേക്കുറിച്ച് കമിതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ശനിയാഴ്ച മീനാ ദേവിയുമായി സംസാരിക്കാന്‍ എത്തിയതായിരുന്നു കാര്‍ത്തി.സംസാരം വാക്കേറ്റമായതിന് പിന്നാലെ മീനാ ദേവി കാര്‍ത്തിയുടെ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തും കയ്യിലുമായാണ് തിളച്ച എണ്ണ വീണത്. ഇയാളുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ കാര്‍ത്തിയെ ആശുപത്രിയിലാക്കുകയായിരുന്നു. സംഭവത്തില്‍ മീനാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.നേരത്തെ ബെംഗളുരുവില്‍ എയര്‍ ഹോസ്റ്റസായ യുവതി ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച കേസില്‍ മലയാളിയായ ആണ്‍സുഹൃത്ത് അറസ്റ്റിലായിരുന്നു. ഹിമാചല്‍ പ്രദേശിലെ ഭവന്‍ സ്വദേശിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗവുമായ അര്‍ച്ചന ധീമാന്‍ ആണ് മരിച്ചത്. ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവര്‍ കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ബാല്‍ക്കണിയിലേക്ക് പോയ അര്‍ച്ചന കാല്‍ തെറ്റി താഴേയ്ക്ക് വീണു എന്നാണ് ആദേശ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.