കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍ എത്തും
കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് തൃശൂരില്‍ എത്തും. ഉച്ചയ്ക്ക് 1.30 ന് പുഴക്കല്‍ ലുലു ഹെലി പാഡില്‍ ഇറങ്ങുന്ന അമിത് ഷാ രണ്ട് മണിക്ക് ശക്തന്‍ സമാധി സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ജോയ്സ് പാലസ് ഹോട്ടലില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തില്‍ പങ്കെടുക്കും.2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അമിത് ഷാ തൃശൂരിലെത്തുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് പൊതുസമ്മേളനം. ശേഷം വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും പിന്നീട് റോഡ് മാര്‍ഗം വഴി കൊച്ചിയിലേക്ക് തിരികെ പോകും.തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ കേരളത്തില്‍ എത്തുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. കേരളത്തില്‍ തൃശൂര്‍ ആണ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബിജെപി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി 3 ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു.രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാര്‍ത്ഥിയേക്കാള്‍ 28,000 വോട്ടിന്റെ മാത്രം കുറവാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. സുരേഷ് ഗോപിക്ക് ബിജെപിയുടെ വോട്ട് ശതമാനം കൂട്ടാന്‍ സാധിച്ചിരുന്നു. സുരേഷ് ഗോപിയെ വീണ്ടും തൃശൂരില്‍ നിന്നും മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.