കൊട്ടാരക്കരയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Spread the love

കൊല്ലം: കൊല്ലം കൊട്ടാരക്കര നഗരസഭാ പരിധിയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ആദിത്യ, ഗലീലി, രുചി ജനകീയ ഹോട്ടൽ, ഡി കേക്ക് വേൾഡ്, പലാറ്റിനോ മൾട്ടി കുസീൻ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കൻ കറി, പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് പിടിച്ചത്.അതേസമയം, സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പ് പുതിയ ഉത്തരവിറക്കി. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തിയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കണം. ഭക്ഷ്യസുരക്ഷാ സ്റ്റാന്‍റേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.ഇത്തരം ഭക്ഷണം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തണം എന്നിവയാണ് നിർദ്ദേശങ്ങൾ. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *