കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി പൊലീസ് പിടിയിൽ
തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. പഞ്ചാബ് പരസ്റാം നഗർ സ്ട്രീറ്റ് നമ്പർ രണ്ടിൽ ഗഗൻദീപ് സിംഗി(39)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴക്കൂട്ടം പൊലീസ് പഞ്ചാബിലെ ബതിൻഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പരസ്യങ്ങൾ നൽകിയാണ് ഇയാളും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.വ്യാജ പരസ്യങ്ങൾ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവരെ വ്യാജ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസത്തിലെടുക്കും. തുടർന്ന്, അറ്റസ്റ്റേഷൻ പേമെന്റെനെന്നും, ജോബ് ഓഫർ ലെറ്ററിനെന്നുമുൾപ്പെടെ നിരവധി കാരണങ്ങൾ പറഞ്ഞു പണം ആവശ്യപെടും. കാനഡ എംബസിയുടെതെന്ന പേരിൽ വ്യാജമായി തയ്യാറാക്കിയ എമർജൻസി അപ്പോയിമെന്റും, മറ്റു രേഖകളും അയച്ച് കൊടുത്ത് പല തവണകളായി 23 ലക്ഷം രൂപയോളമാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്.കഴക്കൂട്ടം എസ്എച്ച്ഒ പ്രവീൺ, എസ്ഐ തുളസിധരൻ നായർ, എസ്സിപിഒമാരായ ബൈജു, സജാദ്, സിപിഒമാരായ റെജി, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. പ്രതി കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.