ഗുജറാത്ത് കലാപം ഡോക്യുമെന്ററി ചെയ്ത ബിബിസിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ
ഗുജറാത്ത് കലാപം ഡോക്യുമെന്ററി ചെയ്ത ബിബിസിക്കെതിരെ പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. ബിബിസിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കി. 2002 ലെ ഗോധ്ര കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി മോദിക്കെതിരെ മാത്രമല്ല, രാജ്യത്തെ 135 കോടി പൗരന്മാർക്കെതിരെയുള്ളതാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’- ബിബിസി ഡോക്യുമെന്ററികഴിഞ്ഞ മാസം പുറത്തിറങ്ങിയ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ രാജ്യത്ത് വൻ വിവാദം സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002 ൽ നടന്ന ഗുജറാത്ത് കലാപവും അതിന്റെ പിന്നാമ്പുറങ്ങളുമായിരുന്നു ഡോക്യുമെന്ററിയുടെ പ്രമേയം. വസ്തുതാവിരുദ്ധവും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററി നിരോധിച്ചിരുന്നു. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിൽ കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാണ് അവതരിപ്പിക്കുന്നത്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന ഒന്നിലധികം യൂട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും ബ്ലോക്ക് ചെയ്യാൻ ജനുവരി 21ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നിരവധി പ്രതിപക്ഷ പാർട്ടികൾ സർക്കാരിന്റെ നടപടിയെ അപലപിക്കുകയും സെൻസർഷിപ്പിനെ എതിർക്കുകായും ചെയ്തു. അതേസമയം വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബിബിസിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.