കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ
കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ. കാസർഗോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും ആണ് പിടിയിലായത്. വില്ലേജ് ഓഫീസർ അരുൺ സി 2000 രൂപ, വില്ലേജ് അസിസ്റ്റന്റ് സുധാകരൻ കെവി 1000 എന്നിങ്ങനെ ആണ് കൈക്കൂലി വാങ്ങിയത്.പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയ ചിത്താരി സ്വദേശിയോടായിരുന്നു ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങാനായി കരാർ എഴുതിയിരുന്നു. സ്ഥലം ഉടമ മരണപ്പെട്ടതോടെ, അയാളുടെ ഭാര്യയുടെ പേരിലേക്ക് വസ്തു മാറ്റിയ ശേഷമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പാണ് അപേക്ഷ സമർപ്പിച്ചത്.അപേക്ഷയുടെ പുരോഗതി അറിയാൻ കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫീസറായ അരുൺ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരൻ 1000 രൂപയും കൈക്കൂലി ആവശ്യപ്പെട്ടു. പിന്നാലെ പരാതിക്കാരൻ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻനായരെ അറിയിക്കുകയായിരുന്നു.തുടർന്നാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കിയത്. ഉച്ചയ്ക്ക് ശേഷം ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ കാസർഗോഡ് വിജിലൻസ് ഇരുവരേയും കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തു.പ്രതികളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കൂടാതെ ഇൻസ്പെക്ടർ സുനുമോൻ കെ, സബ്-ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്ണൻ. കെ, മധുസൂദനൻ. വിഎം, സതീശൻ പിവി, അസി. സബ് ഇൻസ്പെക്ടർമാരായ സുഭാഷ് ചന്ദ്രൻ വിടി, പ്രിയ. കെ നായർ, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ. വി, സന്തോഷ് പിവി, പ്രദീപ് കെപി, പ്രദീപ് കുമാർ വിഎം, ബിജു കെബി, പ്രമോദ് കുമാർ കെ, ഷീബ കെവി എന്നിവരും ഉണ്ടായിരുന്നു.