രണ്ടു മണിക്കൂറിൽ കോവളം ബീച്ച് ക്ലീൻ; ഹവ്വാ ബീച്ച് ക്ലീൻ ഡ്രൈവ് ഉദ്ഘാടനം ചെയ്ത് മന്ത്രി

Spread the love

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘പ്ലാസ്റ്റിക് വർജിക്കാം സുന്ദര കേരളത്തിന്റെ കാവലാളാകാം’ എന്ന ആശയം മുൻനിർത്തി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച കോവളം ഹവ്വാ ബീച്ച് ക്ലീൻ ഡ്രൈവ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കി സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞബദ്ധരാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും വെള്ളം നൽകുന്നതിനായി പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി സ്റ്റീൽ, ചില്ല് കുപ്പികളാണ് ഉപയോഗിക്കുന്നതെന്നും ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങളിലൂടെ സംസ്ഥാന ടൂറിസം രംഗം പ്ലാസ്റ്റിക് മാലിന്യ ലഘൂകരണത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ തുടർ പരിശ്രമം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി ഉത്തരവാദിത്ത ടൂറിസത്തിന്റെ നേതൃത്വത്തിൽ പേപ്പർ തുണി സഞ്ചികൾ സുലഭമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കോവളം പ്രദേശത്തെ വിവിധ ടൂറിസം സംരംഭകർക്ക് ആയിരം തുണി സഞ്ചികൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വിവിധ കോളേജുകളിലെ ടൂറിസം ക്ലബ്ബുകളുടെ ഭാഗമായ വിദ്യാർത്ഥികളും കോവളത്തെ ടൂറിസ്റ്റ് ഹോമുകളിലെ ക്ലീനിങ് സ്റ്റാഫുകളും ഉൾപ്പെടെ 139 വോളണ്ടിയേഴ്സും പൊതുജനങ്ങളും ക്ലീൻ ഡ്രൈവിൽ പങ്കാളിയായി. രണ്ടുമണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ബീച്ച് പ്രദേശത്തെ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങൾ എന്നിവ തരംതിരിച്ച് ശേഖരിച്ചു. ഡ്രൈവിൽ പങ്കെടുത്ത 17 കോളേജുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.ഉത്തരവാദിത്ത ടൂറിസം മിഷൻ, തിരുവനന്തപുരം ഡി.റ്റി.പി.സി, ടൂറിസം ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ അഭിലാഷ് ടി. ജി, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓഡിനേറ്റർ രൂപേഷ് കുമാർ, ഡിടിപിസി സെക്രട്ടറി ഷാരോൺ വീട്ടിൽ, കെ. ടി.എം പ്രസിഡന്റ് ബേബി മാത്യു സോമതീരം കോവളം ടൂറിസം പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ, മറ്റ് ടൂറിസം ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *