മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ഏകകണ്ഠമായാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Spread the love

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ഏകകണ്ഠമായാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ താനോ, കെപിസിസി പ്രസിഡന്റ് കെ സുധാകരനോ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും സതീശന്‍ പറഞ്ഞു.ഒരു പാര്‍ട്ടി എന്ന നിലയില്‍ എല്ലാവരും വ്യത്യസ്തമായ തീരുമാനം പറഞ്ഞുകാണും. അത് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. ഇപ്പോള്‍ ഒരു തീരുമാനം മാത്രമേയുള്ളു. അതിന്റെ പേരില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.തിരുവനന്തുപുരത്ത് വച്ച് ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തുമ്പോള്‍ അതില്‍ എല്ലാ പാര്‍ട്ടികളെയും, എല്ലാ മതവിഭാഗങ്ങളെയും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരയെും ക്ഷണിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയത് ജനം ചര്‍ച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയമായി ഏറെ വേട്ടയാടപ്പെട്ട ആളാണ് ഉമ്മന്‍ചാണ്ടിയെന്നും സതീശന്‍ പറഞ്ഞു.‘ഉമ്മന്‍ചാണ്ടിയുടെ മരണം ഞങ്ങള്‍ക്കുണ്ടാക്കിയ ആഘാതം വലുതാണ്. ആ പ്രയാസങ്ങളില്‍ നിന്ന് മോചിതരായിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല മനുഷ്യര്‍കൂടിയാണ്. അദ്ദേഹത്തിന്റെ കല്ലറ അടച്ചതിന്റെ പിറ്റേന്ന് വന്ന് രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് കൃത്യമായി പറഞ്ഞിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *