പൊതുമേഖലയെ കോർപ്പറേറ്റുകൾക്ക് പണയം വെക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കും: കെ.എസ്.ഇ.ബി. സമരം ഉദ്ഘാടനം ചെയ്ത് വി. ശിവൻകുട്ടി
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവനുമുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത മാനേജ്മെന്റ് നടപടികളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും, സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.ജനങ്ങളുടെയും സ്ഥാപനത്തിന്റെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി സ്മാർട്ട് മീറ്റർ പദ്ധതി അട്ടിമറിച്ച് കെ.എസ്.ഇ.ബിയെ സ്വകാര്യവൽക്കരണത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢ നീക്കങ്ങളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുമേഖലയെ കോർപ്പറേറ്റുകൾക്ക് പണയം വെക്കാനുള്ള ഈ നീക്കത്തെ ഏതുവില കൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.സ്ഥാപനത്തിലെ അംഗീകൃത യൂണിയനുകളുമായി ചർച്ച ചെയ്ത് വ്യക്തമായ ചട്ടങ്ങളോടെ തയ്യാറാക്കിയ പൊതുസ്ഥലം മാറ്റ ഉത്തരവ് അട്ടിമറിക്കാനാണ് മാനേജ്മെന്റ് ബോധപൂർവ്വം ശ്രമിക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ‘വർക്ക് അറേഞ്ച്മെന്റ്’ എന്ന വ്യാജ ന്യായം പറഞ്ഞ് ജീവനക്കാരെ രാഷ്ട്രീയമായി പകപോക്കാനും പ്രതികാര നടപടികൾക്ക് ഇരയാക്കാനുമാണ് അവർ തുനിയുന്നത്. ഈ രാഷ്ട്രീയ പകപോക്കൽ നയം അടിയന്തരമായി ഉപേക്ഷിച്ചേ മതിയാകൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനീയർ യാതൊരു അടിസ്ഥാനവുമില്ലാതെ തികച്ചും ഏകപക്ഷീയമായി സസ്പെൻഡ് ചെയ്ത ജീവനക്കാരുടെ സസ്പെൻഷൻ ഉത്തരവ് ഉടൻ പിൻവലിക്കേണ്ടതാണ്. അധികാര ദുർവിനിയോഗം നടത്തി തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഇത്തരം നടപടികൾ അംഗീകരിച്ചു തരാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.കെ എസ് ഇ ബി നിലനിർത്താൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ട് പണിയെടുക്കുന്ന കരാർ തൊഴിലാളികളുടെ കൂലി വെട്ടിക്കുറയ്ക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. അവർക്ക് അർഹമായ ജോലിയും, നിയമപരമായി ലഭിക്കേണ്ട പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിക്കുന്നത് നീതികേടാണെന്നും, നിയമപരമായ ആനുകൂല്യങ്ങൾ നിഷേധിക്കാൻ മാനേജ്മെന്റിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം ഉന്നയിച്ചുകൊണ്ട് നവംബർ 2 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും, തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് മാനേജ്മെന്റ് പിൻമാറിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

