LatestNEWS

ചിത്രാഞ്ജലി സ്റ്റുഡിയോ വികസനം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും – മന്ത്രി പി.സി. വിഷ്ണുനാഥ്

Spread the love

തിരുവനന്തപുരം, ഒക്ടോബർ 27: ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സമഗ്ര വികസനത്തിനായി കെ.എസ്.എഫ്.ഡി.സി. ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾക്കും തുടർനടപടികൾക്കും ആവശ്യമായ പിന്തുണയും നടപടികളും സർക്കാർ ഉറപ്പാക്കുമെന്ന് ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. പി.സി. വിഷ്ണുനാഥ് പറഞ്ഞു.ഒക്ടോബർ 15-ന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ശ്രീ. പ്രേംകുമാർ സ്റ്റുഡിയോ ജീവനക്കാരുമായും പ്രദേശവാസികളുമായും നടത്തിയ ജനകീയ ആശയവിനിമയത്തിന്റെ തുടർച്ചയായാണ് മന്ത്രിയുടെ സന്ദർശനം.കെ.എസ്.എഫ്.ഡി.സി. കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കിവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി, പൂർത്തിയായതും ശേഷിക്കുന്നതുമായ പ്രവൃത്തികൾ എന്നിവ സംബന്ധിച്ച് കെ.എസ്.എഫ്.ഡി.സി. പ്രോജക്ട് വിഭാഗം വിശദമായ അവതരണം നടത്തി.കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ശ്രീ. പ്രേംകുമാർ, സാംസ്കാരിക വകുപ്പിന് കീഴിൽ വ്യവസായ പ്രാധാന്യത്തോടെ പ്രവർത്തിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഡി.സി.യുടെ നിലവിലുള്ള നിർമ്മാണ കരാറുകൾ സമഗ്രമായി പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു. നിലവിലെ കരാർ വ്യവസ്ഥകൾ മൂലം സ്ഥാപനത്തിന് വലിയ തോതിലുള്ള അധിക സാമ്പത്തിക ബാധ്യതയും ദീർഘകാല തിരിച്ചടവ് ബാധ്യതകളും ഉണ്ടാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷിക്ക് താങ്ങാനാവാത്തതും ഭാവിയിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമായ സാമ്പത്തിക ബാധ്യതകൾ കെ.എസ്.എഫ്.ഡി.സി.യുടെ മേൽ അടിച്ചേൽപ്പിക്കുന്ന കരാറുകളിൽ ഏർപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സാംസ്‌കാരിക വകുപ്പിന് വേണ്ടിയുള്ള നിർമാണ ചുമതല മാത്രമാണ് KSFDC ക്കുള്ളത്. പക്ഷെ പിന്നീട് ആ കരാറുകളിൽ ഏക പക്ഷീയമായ മാറ്റങ്ങൾ ഉണ്ടായി. അത്തരം ബാധ്യതകൾ ഒഴിവാക്കുന്നതിനായി നിലവിലുള്ള കിഫ്ബിയുമായുള്ള കരാർ വ്യവസ്ഥകൾ പുനഃപരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും സ്ഥാപനത്തിന് അധിക സാമ്പത്തിക ബാധ്യതയോ തിരിച്ചടവ് ബാധ്യതയോ ഉണ്ടാകാത്ത രീതിയിൽ പുതിയ കരാറുകൾ രൂപീകരിക്കുകയും വേണം. ഇതിനായി സർക്കാരിന്റെ അടിയന്തര ഇടപെടലും ആവശ്യമായ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടർന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികൾ, നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി, നേരിടുന്ന സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ, സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യതകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. പൂർത്തിയായ നിർമ്മാണ പ്രവർത്തനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനും ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്റ്റുഡിയോയുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുക, പുതിയ വികസന സാധ്യതകൾ കണ്ടെത്തുക, വരുമാന മാർഗങ്ങൾ വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മറുപടി പ്രസംഗത്തിൽ ഉറപ്പുനൽകി.ചിത്രാഞ്ജലിയുടെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആധുനിക സിനിമാ നിർമ്മാണത്തിനും അനുബന്ധ സാങ്കേതിക പ്രവർത്തനങ്ങൾക്കും ആവശ്യമായ സൗകര്യങ്ങളുള്ള പ്രധാന ചലച്ചിത്ര കേന്ദ്രമായി സ്ഥാപനത്തെ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള തടസ്സങ്ങൾ പരിഹരിച്ച് വികസന പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നന്ദിപ്രസംഗത്തിൽ കെ.എസ്.എഫ്.ഡി.സി. വൈസ് ചെയർമാൻ ശ്രീ. ആലപ്പി അഷ്റഫ്, മന്ത്രിയുടെയും കെ.എസ്.എഫ്.ഡി.സി. മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ചിത്രാഞ്ജലി സ്റ്റുഡിയോയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സി-സ്പേസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൂടുതൽ മികവുറ്റതാക്കുന്നതുൾപ്പെടെ കെ.എസ്.എഫ്.ഡി.സി.യുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ ശ്രീമതി സബിതാഭായ്, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളിലെ പ്രമുഖർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ചിത്രാഞ്ജലിയുടെ ചരിത്രപാരമ്പര്യം നിലനിർത്തിക്കൊണ്ട് ആധുനിക സിനിമാ നിർമ്മാണത്തിനും സാങ്കേതിക പ്രവർത്തനങ്ങൾക്കും അനുയോജ്യമായ പ്രധാന ചലച്ചിത്ര കേന്ദ്രമായി സ്ഥാപനത്തെ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ സന്ദർശനം പുതിയ പ്രതീക്ഷയും ഊർജവും പകരുന്നതായി.

Leave a Reply

Your email address will not be published. Required fields are marked *