സംസ്ഥാനത്ത് വേനൽ കടുത്തതോടെ ജലനിരപ്പ് താഴുന്നു
As the summer heats up in the state, the water level drops
വേനൽ കടുത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി ഉൽപ്പാദനം, ഉപഭോഗം എന്നിവ കൂടിയതും അണക്കെട്ടിലെ ജലനിരപ്പ് താഴാൻ കാരണമായിട്ടുണ്ട്. മഴക്കാലം എത്താൻ ഇനിയും 40- ലധികം ദിവസമാണ് ശേഷിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കെഎസ്ഇബിക്ക് കീഴിലുള്ള ജലസംഭരണികളിൽ 41 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ജലനിരപ്പ് 44 ശതമാനമായിരുന്നു.വേനൽ ശക്തമായ കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 ശതമാനത്തോളം ജലമാണ് അണക്കെട്ടുകളിൽ നിന്നും താഴ്ന്നിരിക്കുന്നത്. നിലവിൽ, ഇടുക്കി ഡാമിലെ ജലനിരപ്പ് 2,339.3 അടി മാത്രമാണ്. ഇത് പരമാവധി സംഭരണശേഷിയുടെ 37 ശതമാനമാണ്. അതേസമയം, രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ജലനിരപ്പ് ഒരടി വീതം താഴുന്നുണ്ട്. വേനൽ ആരംഭിച്ചതിനു ശേഷം ദിവസവും ശരാശരി 7 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നത്. പമ്പാ ഡാമിൽ 42 ശതമാനവും, ഷോളയാർ ഡാമിൽ 69 ശതമാനവും, ഇടമലയാർ ഡാമിൽ 38 ശതമാനവും, ലോവർ പെരിയാറിൽ 48 ശതമാനവും എന്നിങ്ങനെയാണ് ജലനിരപ്പ്.