വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നില്ല; താലൂക്ക് ഓഫീസിൽ വയോധികയുടെ പ്രതിഷേധം
*നെയ്യാറ്റിൻകര* : കുടുംബസ്വത്തായി ലഭിച്ച വസ്തുവിന്റെ പോക്കുവരവ് ചെയ്ത് കരം അടയ്ക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി വയോധിക താലൂക്ക് ഓഫീസിൽ കിടന്ന് പ്രതിഷേധിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ തെങ്കവിള, മാങ്കൂട്ടത്തിൽ വീട്ടിൽ തങ്കം (75) ആണ് ഒറ്റയാൾ സമരം നടത്തിയത്.ഇവരുടെ പേരിൽ പ്രമാണമുള്ള മൂന്നര സെന്റ് സ്ഥലത്തിൽ ഒന്നര സെന്റ് സ്ഥലത്തിന് മാത്രമെ റവന്യൂ വകുപ്പ് പോക്കുവരവ് ചെയ്ത് നൽകിയുള്ളൂ. ബാക്കിയുള്ള സ്ഥലത്തിന് പോക്കുവരവ് ചെയ്തു കിട്ടാനായി ഇവർ പലപ്രാവശ്യം ഓഫീസുകൾ കയറിയിറങ്ങി മടുത്തു.ഇവരുടെ വസ്തു പോക്കുവരവ് ചെയ്ത് നൽകണമെന്ന് ഓംബുഡ്‌സ്‌മാന്റെ ഉത്തരവുണ്ടായിട്ടും റവന്യൂ അധികൃതർ ചെയ്യുന്നില്ലെന്നാണ് തങ്കത്തിന്റെ പരാതി. എന്നാൽ തങ്കത്തിന്റെ പോക്കുവരവ് ചെയ്യാത്ത സ്ഥലം സർക്കാർ പുറമ്പോക്കാണെന്നാണ് റവന്യൂ അധികൃതർ നൽകുന്ന വിശദീകരണം. അതുകൊണ്ട് പോക്കുവരവ് ചെയ്യാനാവില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ് അധികൃതർ.തങ്കത്തിന്റെ മക്കൾ മൂന്നുപേരും ഭിന്നശേഷിക്കാരാണ്. പ്രമാണമുള്ള വസ്തുവിന് പോക്കുവരവ് ചെയ്തു നൽകണമെന്ന ആവശ്യവുമായി ബുധനാഴ്ച രാവിലെ താലൂക്കിലെത്തിയെങ്കിലും അധികൃതർ തങ്കത്തിന്റെ അപേക്ഷ ചെവിക്കൊണ്ടില്ല. ഇതിനെ തുടർന്നാണ് നിലത്തുകിടന്ന് പ്രതിഷേധിച്ചത്.