തമിഴ്‌നാട്ടിൽ വൻ ജയിൽ ചാട്ടം! പൊലീസിനെ ആക്രമിച്ച് 17 തടവുകാർ കടന്നുകളഞ്ഞു; കേരളത്തിലേക്ക് കടക്കാൻ സാധ്യത
തമിഴ്‌നാട്ടില്‍ വന്‍ ജയില്‍ചാട്ടം. തേനി സബ് ജയിലില്‍ പൊലീസുകാരനെ ആക്രമിച്ച ശേഷം 17 തടവുകാര്‍ ജയില്‍ ചാടി. രക്ഷപ്പെട്ട 17 പേരിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി 17 പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രക്ഷപ്പെട്ടവരില്‍ ഒരാളെ അറസ്റ്റു ചെയ്തതായി സൗത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) വിജയേന്ദ്ര ബിദാരി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ അയൽ ജില്ലയായ ദിണ്ഡിഗലിൽ 16 ഇടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ഡിഗൽ പൊലീസ് സൂപ്രണ്ട് എസ്. ജയകുമാർ എഎൻഐയോട് പ്രതികരിച്ചു.പ്രതികളായ 17 പേരും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ സെല്ലിലേക്ക് പ്രവേശിച്ചപ്പോൾ, പ്രതികൾ അവരെ ആക്രമിക്കുകയും തുടർന്ന് ജയിലിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

