മലയാള നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

നടൻ ദിലീപ് ശങ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തുവെന്നാണ് വിവരം. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.

എറണാകുളം സ്വദേശിയായ ദിലീപ് സീരിയൽ ചിത്രീകരണത്തിനായാണ് തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഇടവേളയായതിനാൽ ചിത്രീകരണം ഉണ്ടായിരുന്നില്ല. സഹപ്രവർത്തകർ ദിലീപിനെ ഫോൺവഴി ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല. തുടർന്നാണ് ഹോട്ടലിൽ എത്തി അന്വേഷിച്ചത്. ഹോട്ടൽ ജീവനക്കാരുമായി മുറിയുടെ ജനാലകൾ തുറന്ന് പരിശോധിച്ചപ്പോൾ മരണപ്പെട്ട നിലയിൽ ദീലീപിനെ കണ്ടെത്തുകയായിരുന്നു. തറയിൽ കിടന്ന നിലയിലായിരുന്നു മൃതദേഹം.

മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. കരൾ രോഗത്തിനുള്ള മരുന്നും രണ്ട് മദ്യകുപ്പികളും മുറിയിൽ ഉണ്ടായിരുന്നതായും മരണത്തിൽ അസ്വാഭാവികതയില്ലന്നുമാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *