LatestNEWS

ഇ100 ഇന്ധനത്തിന് കേന്ദ്ര സർക്കാർ അനുമതി, വിജ്ഞാപനമിറങ്ങി; 100% എഥനോളിൽ ഓടുന്ന കാറുകൾക്ക് വഴിയൊരുങ്ങുന്നു

Spread the love

പൂർണ്ണമായും എഥനോൾ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇ100 ഫ്ലെക്സ് ഫ്യുവൽ (Flex-Fuel) വാഹനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിർണായക വിജ്ഞാപനമിറക്കി. 1989ലെ മോട്ടോർ വാഹന ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് പുതിയ അനുമതി നൽകിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഫ്ലെക്സ് – ഫ്യുവൽ വാഹനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡങ്ങൾ, ഇന്ധന സവിശേഷതകൾ, ടെസ്റ്റിങ് പ്രക്രിയകൾ എന്നിവ ഉൾക്കൊള്ളുന്ന ചട്ടങ്ങളിൽ ഇ85 ഒപ്പം ഇ100 ഇന്ധനവും ഉൾപ്പെടുത്തിക്കൊണ്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഇ20 യേക്കാൾ കൂടുതൽ എഥനോൾ അടങ്ങിയ ഇത്തരം ഇന്ധനങ്ങൾ ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത് അംഗീകരിച്ച ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് മന്ത്രാലയം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ പെട്രോൾ വാഹനങ്ങളിലോ ഇ20 അനുമതിയുള്ള വാഹനങ്ങളിലോ ഇ85, ഇ100 തുടങ്ങിയ ഉയർന്ന എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.ഇതിന് പുറമെ മോട്ടോർ വാഹന ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതി പ്രകാരം ചെറു പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഭാരപരിധിയിലും (Gross Vehicle Weight) കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം വാഹനങ്ങളുടെ ഭാരപരിധി 3,000 കിലോഗ്രാമിൽ നിന്ന് 3,500 കിലോഗ്രാമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *