യുവ ശാസ്ത്രജ്ഞരും അവരുടെ കണ്ടുപിടുത്തങ്ങളും നമ്മുടെ രാജ്യത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: യുവ ശാസ്ത്രജ്ഞരും അവരുടെ കണ്ടുപിടുത്തങ്ങളും നമ്മുടെ രാജ്യത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളർന്നു വരുന്ന യുവ ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രസർക്കാർ എപ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്രജ്ഞർക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.ശാസ്ത്രജ്ഞർക്കായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. നോബൽ പുരസ്‌കാര ജേതാവ് സിവി രാമന്റെ സ്മരണാർത്ഥമാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. ‘രാമൻ എഫക്റ്റ്’ നമുക്കൊരിക്കലും മറക്കാൻ സാധിക്കില്ല. വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഇത് പ്രചോദനം നൽകുന്നു. യുവ ശാസ്ത്രജ്ഞർക്കായി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ എപ്പോഴും അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ശാസ്ത്രജ്ഞർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാജ്യത്തിനായി നേട്ടങ്ങൾ സമ്മാനിച്ച ഓരോ ശാസ്ത്രജ്ഞരേയും ശാസ്ത്ര ദിനത്തിൽ ഓർക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.