നാശത്തിന്റെ വക്കിൽ ചരിത്രപ്രസിദ്ധമായ അരുമാനൂർ താമരക്കുളം: അധികൃതർ കണ്ണുതുറക്കണമെന്ന് നാട്ടുകാർ

Spread the love

നെയ്യാറ്റിൻകര: കടുത്ത വേനലിലും വറ്റാതെ പ്രദേശത്തിന് കുടിവെള്ളവും ജലസമൃദ്ധിയും നൽകുന്ന അരുമാനൂരിലെ രണ്ടേക്കറിലേറെ വിസ്തൃതിയുള്ള ചരിത്രപ്രസിദ്ധമായ താമരക്കുളം അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു. നാടിന്റെ പ്രധാന ജലസ്രോതസ്സായ ഈ വിശാലമായ കുളം അടിയന്തരമായി നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പഞ്ചായത്ത് അധികൃതർ ഇനിയും തിരിഞ്ഞുനോക്കിയിട്ടില്ല.എല്ലാക്കാലത്തും പ്രദേശവാസികൾ ആശ്രയിച്ചിരുന്ന കുളത്തിന്റെ നാല് കുളിക്കടവുകളും പൂർണ്ണമായും തകർന്ന നിലയിലാണ്. കന്നുകാലികളെ കുളിപ്പിക്കാൻ നിർമ്മിച്ച കടവുകളും പൊട്ടിപ്പൊളിഞ്ഞു. തകർന്നുകിടക്കുന്ന പടവുകളിൽ തെന്നിവീണ് വൃദ്ധർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേൽക്കുന്നത് പതിവായിട്ടുണ്ട്. കുളത്തിന് ചുറ്റും നിർമ്മിച്ചിരുന്ന കരിങ്കൽക്കെട്ടുകൾ ഭൂരിഭാഗവും ഇടിഞ്ഞുവീണു. ചുറ്റുമുള്ള വൃക്ഷങ്ങളിൽനിന്ന് ഇലകൾ വീണ് വെള്ളം മലിനമാകുകയാണ്. വർഷങ്ങളായി ചെളി നീക്കം ചെയ്യാത്തതിനാൽ കുളത്തിന്റെ ആഴവും സംഭരണശേഷിയും കുറഞ്ഞു.കുളത്തിന് മുകളിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈൻ കമ്പികൾ സൃഷ്ടിക്കുന്ന ഭീഷണി അതിരൂക്ഷമാണ്. ചുറ്റുമുള്ള പഴക്കമേറിയ തെങ്ങുകളും വൃക്ഷങ്ങളും കാറ്റിൽ മറിഞ്ഞുവീണാൽ ലൈൻ കമ്പികൾ പൊട്ടി കുളത്തിൽ പതിച്ച് വലിയ ദുരന്തത്തിന് കാരണമാകും. മുൻപുണ്ടായിരുന്ന നെറ്റ് കവറിംഗ് ബലമുള്ള പുതിയത് സ്ഥാപിക്കാനെന്ന വ്യാജേന കെ.എസ്.ഇ.ബി അധികൃതർ അഴിച്ചുമാറ്റിയെങ്കിലും പകരം സംവിധാനമൊരുക്കിയില്ല. അപകടഭീഷണിയുള്ള കമ്പികൾ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണ്.വരൾച്ചാകാലത്ത് ദൂരസ്ഥലങ്ങളിൽനിന്നുപോലും ജനങ്ങൾ കുളിക്കാനും തുണി കഴുകാനും ഇവിടെയെത്താറുണ്ട്. കൈപ്പുരി ഏലായിലെ നെൽകൃഷി ഉൾപ്പെടെയുള്ള പ്രാദേശിക കാർഷിക മേഖലയുടെ ജീവനാഡിയും ഈ കുളമാണ്. സമീപപ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം നിലനിൽക്കുന്നതും താമരക്കുളത്തിന്റെ സാന്നിധ്യം കൊണ്ടാണ്.തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ്മ ഒളിവുജീവിതത്തിനിടെ അമ്മച്ചിപ്ലാവിൽനിന്ന് പൂവാറിലേക്കുള്ള യാത്രയ്ക്കിടെ നീരാടിയതും സമീപത്തെ തമ്പുരാൻവിളയിൽ വിശ്രമിച്ചതും ഈ കുളക്കരയിലാണെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ബ്രാഹ്മണസമൂഹം ഉപേക്ഷിച്ച വിഗ്രഹാവശിഷ്ടങ്ങൾ കുളത്തിലുണ്ടെന്ന വിശ്വാസത്തെ തുടർന്ന് സമീപത്ത് വിഷ്ണുക്ഷേത്രം നിർമ്മിച്ച് നാട്ടുകാർ ആരാധന നടത്തുന്നതും ഈ ചരിത്രപശ്ചാത്തലത്തിലാണ്.നാടിന്റെ സമഗ്രമായ കുടിവെള്ള ഭാവി ഉറപ്പുവരുത്താനും ചരിത്രസ്മാരകം നിലനിർത്താനും ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെട്ട് താമരക്കുളം നവീകരിക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *