പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച പരാമർശനത്തിൽ വിശദീകരണവുമായി : മല്ലികാർജുൻ ഖാർഗെ

Spread the love

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല എന്ന് വ്യക്തമാക്കിയ ഖാര്‍ഗെ ബി.ജെ.പിയുടെ ആശയത്തേയാണ് വിഷപ്പാമ്പുമായി ഉപമിച്ചത് എന്ന വിശദീകരണം ആവര്‍ത്തിച്ചു.‘എന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല. പ്രധാനമന്ത്രിയുമായി ആശയപരമായ വ്യത്യാസമുണ്ടെന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. ആര്‍.എസ്.എസ്-ബി.ജെ.പി ആശയങ്ങള്‍ വിഷലിപ്തമാണ്. അതാണ് ഞാന്‍ പറഞ്ഞതും. എന്നാല്‍ ചിലര്‍ ഖാര്‍ഗെ പ്രധാനമന്ത്രിയെ വിഷപാമ്പുമായി ഉപമിച്ചു എന്ന് ആരോപിച്ചു. എന്നാല്‍ ആരെയെങ്കിലും കുറിച്ച് മോശമായി പറയണമെന്നോ വേദനിപ്പിക്കണമെന്നോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ പ്രസ്താവനകളെ വളച്ചൊടിക്കുന്നത് ശരിയല്ല’. – ഖാര്‍ഗെ വ്യക്തമാക്കി.ഖാര്‍ഗെയുടെ പരാമര്‍ശത്തിനെ കടന്നാക്രമിച്ച ബി.ജെ.പി. വന്‍ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. അതേസമയം ഖാര്‍ഗെയുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ബി.ജെ.പി എം.പി തേജസ്വി സൂര്യ ഉള്‍പ്പടെയുള്ളവര്‍ അത് വ്യക്തമാക്കുകയും ചെയ്തു. ‘ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കുന്ന പരാമര്‍ശങ്ങള്‍ ഇവിടെ ആരും അംഗീകരിക്കാന്‍ ഒരുക്കമല്ല. പ്രത്യേകിച്ച് നമ്മുടെ പ്രധാനമന്ത്രിയ്ക്കെതിരെയുള്ള ആക്രമണം. കുറച്ചു കാത്തിരിക്കൂ, മെയ് 10-ന് കോണ്‍ഗ്രസ് തകര്‍ന്നടിയുന്നത് നേരില്‍ കാണാം’.- തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു.നേരത്തെ കര്‍ണാടകയിലെ ഗഡഗില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. ‘നിങ്ങളുടെ ആശയങ്ങളും ചിന്തയും മോശമായതിനാല്‍ അവ രാജ്യത്തെ നശിപ്പിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങള്‍ അദ്ദേഹത്തിന് കൊടുത്താല്‍ നിങ്ങള്‍ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങള്‍ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു’ -എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *