എലോൺ മസ്ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ ധനികൻ
ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയർന്നതാണ് നേട്ടത്തിന് കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. നിലവിൽ മസ്കിന്റെ ആസ്തി 187 ബില്യൺ ഡോളറാണ്. ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് നേട്ടം. 185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി.ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വിറ്റർ ഉടമയുടെ ആസ്തി 137 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ 187 ബില്യൺ യുഎസ് ഡോളറാണ്. ടെസ്ലയുടെ ഓഹരികൾ ഇടിഞ്ഞതിന് പിന്നാലെ 2022 ഡിസംബറിലാണ് ലൂയിസ് വിട്ടൺ സിഇഒ ബെർണാഡ് അർനോൾ മസ്കിനെ മറികടന്ന് ഒന്നാമതെത്തിയത്. 2021 സെപ്തംബർ മുതൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോൺ മസ്‌ക്. അദ്ദേഹത്തിന് മുമ്പ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ആ സ്ഥാനത്തുണ്ടായിരുന്നത്.അതേസമയം ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഗ്രൂപ്പ് ഓഹരികളിലെ ഇടിവ് തുടരുകയാണ്. ഒരു സമയത്ത് ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി, 37.7 ബില്യൺ ഡോളർ ആസ്തിയുമായി സമ്പന്ന സൂചികയിൽ 32-ാം സ്ഥാനത്താണ് ഇപ്പോൾ. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ദൈനംദിന റാങ്കിംഗാണ്. ന്യൂയോർക്കിലെ എല്ലാ വ്യാപാര ദിനം കഴിയുമ്പോഴും സമ്പത്തിന്റെ കണക്കുകൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.