സിനിമയുടെ നിര്‍മ്മാണം മുതല്‍ പ്രിവ്യൂ വരെ ഒരിടത്ത്:ജെ.സി. ഡാനിയല്‍ ഫിലിം സിറ്റി ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: സിനിമയുടെ നിര്‍മ്മാണം മുതല്‍ പ്രിവ്യൂ വരെയുള്ള എല്ലാ ഘട്ടങ്ങളും ഒരിടത്ത് പൂര്‍ത്തിയാക്കാവുന്ന, വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉള്‍പ്പെടെയുള്ള ഭാവിസാങ്കേതികവിദ്യകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമഗ്ര ഫിലിം നിര്‍മ്മാണ കേന്ദ്രമായി ജെ.സി. ഡാനിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി രൂപകല്പന ചെയ്യും. ടൂറിസം, സാംസ്‌കാരിക സിനിമ വകുപ്പ് മന്ത്രിപി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. വിപുലമായ സ്ഥിരം ഔട്ട്ഡോര്‍ സെറ്റുകള്‍ക്ക് പകരം സൗണ്ട് സ്റ്റേജുകള്‍, വിര്‍ച്വല്‍ പ്രൊഡക്ഷന്‍, നൂതന പോസ്റ്റ്-പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായും പ്രമുഖ നിര്‍മാണ കമ്പനികളുമായുള്ള പങ്കാളിത്തം, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയുള്ള നിക്ഷേപം എന്നിവ ഉള്‍പ്പെടുത്തി സാങ്കേതികവിദ്യാധിഷ്ഠിതമായി ഫിലിം സിറ്റി രൂപപ്പെടുത്തണമെന്ന നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. ഏക ജാലക അനുമതി സിനിമാ മേഖലയ്ക്ക് വലിയ ഉണര്‍വുണ്ടാകാക്കുമെന്നും രാജ്യത്തിന് മാതൃകയായി സിനിമയെ വ്യവസായമായ് അംഗീകരിക്കാന്‍ തയ്യാറായ കേരളത്തിന്റെ നിലപാട് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. മുമ്പില്ലാത്ത വിധം സിനിമാ ടൂറിസത്തിന്റെ സാധ്യതകളും കേരളത്തില്‍ തുറക്കപ്പെടുകയാണ്. 2026-27ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് കൊച്ചിയില്‍ വിഭാവനം ചെയ്യുന്ന ജെ.സി. ഡാനിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി. ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിവര്‍ഷം 200-ലേറെ സിനിമകള്‍ പുറത്തിറങ്ങുന്ന കേരളത്തില്‍ വലിയ സൗണ്ട് സ്റ്റേജുകളുടെയും വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സൗകര്യങ്ങളുടെയും അപര്യാപ്തതയുണ്ട്. ഇവ പരിഹരിക്കാനും നൂതന പോസ്റ്റ്-പ്രൊഡക്ഷന്‍, സൗണ്ട് ജോലികള്‍ സംസ്ഥാനത്തു തന്നെ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു. ചുരുങ്ങിയ വിസ്തൃതിയില്‍ ഉയര്‍ന്ന സാങ്കേതിക ശേഷിയുള്ള സിനിമാ ഇക്കോസിസ്റ്റമായി ഫിലിം സിറ്റി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വിര്‍ച്വല്‍ പ്രൊഡക്ഷന്‍ സ്റ്റേജും കണ്ടന്റ് ലൈബ്രറിയും, ഒരേസമയം നിരവധി സിനിമകള്‍ക്ക് ഉപയോഗിക്കാവുന്ന സൗണ്ട് സ്റ്റേജുകളും മോഡുലാര്‍, താത്കാലിക ഫ്ളോറുകളും സ്ഥിരം സെറ്റുകളും, ഡോള്‍ബി അറ്റ്മോസ് സൗണ്ട്, ഫൈനല്‍ മിക്സ്, ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് ഗ്രേഡിംഗ്, റിവ്യൂ തിയേറ്റര്‍, എഡിറ്റിംഗ്, ഡബ്ബിംഗ്, വി.എഫ്.എക്സ്., ആനിമേഷന്‍ സൗകര്യങ്ങള്‍ എന്നിവയ്ക്കെല്ലാം മുന്‍ഗണന നല്‍കും. സംസ്ഥാനത്തെ കടല്‍ത്തീരങ്ങള്‍, കായലുകള്‍, പൈതൃക കേന്ദ്രങ്ങള്‍, മലനിരകള്‍, നഗര-ഗ്രാമീണ ദൃശ്യങ്ങള്‍, ഐ.ടി. പാര്‍ക്കുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ലൊക്കേഷനുകള്‍ 30 മുതല്‍ 60 കിലോമീറ്റര്‍ പരിധിയില്‍ ലഭ്യമാണെന്ന പ്രത്യേകത പ്രയോജനപ്പെടുത്തി, ഏകീകൃത ലൊക്കേഷന്‍ മാനേജ്മെന്റ് സംവിധാനത്തിലൂടെ കേരളത്തെ തന്നെ വലിയൊരു ഫിലിം ലൊക്കേഷനാക്കി മാറ്റണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയും പുതിയ ഫിലിം സിറ്റിയും പരസ്പരം പൂരകമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നവീകരണം ആവശ്യമാണെന്നും നിര്‍ദേശം ഉയര്‍ന്നു. സംസ്‌കാരികം, ടൂറിസം, പൈതൃകം എന്നിവ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ രണ്ടിന്റെ ഭാഗമായി നടന്ന സെഷനില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി അഞ്ജന.എം ചര്‍ച്ചകള്‍ ഏകോപിപ്പിച്ചു. രാജീവ് സേഥി, ജോഷി മാത്യു, രഞ്ജിത്ത്.എം, ബി. രാകേഷ്, അനില്‍ തോമസ് എന്നിവരും സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ കെ.ഇമ്പശേഖര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സാങ്കേതിക വിദഗ്ധരുമായും ചലച്ചിത്ര മേഖലയിലെ പ്രതിനിധികളുമായും ചർച്ചകൾ തുടരും.


