രക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ശ്രീലങ്കൻ പ്രസിഡൻ്റിനെ സന്ദർശിച്ചു
ശ്രീലങ്ക സന്ദർശിക്കുന്ന രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ശ്രീലങ്കൻ പ്രസിഡന്റ് ശ്രീ അനുര കുമാര ദിസ്സനായകെ യുമായി കൂടിക്കാഴ്ച നടത്തി.
സൗഹൃദ രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തത്തിന്റെ വിവിധ മേഖലകൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
സാംസ്കാരിക ജോഡികൾ, അടുത്ത അയൽക്കാർ, സമുദ്ര പങ്കാളികൾ എന്നീ നിലകളിൽ വികസനത്തിനും ജനക്ഷേമത്തിനുമായി ഇരു രാജ്യങ്ങളും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കു മെന്നും മേഖലയുടെ സുരക്ഷ, ക്ഷേമം, സമാധാനം, സമൃദ്ധി എന്നിവ ഉറപ്പാക്കാൻ സംയുക്ത നടപടികളെടു ക്കുമെന്നും ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു .
രക്ഷാമന്ത്രിക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ച പ്രസിഡന്റ് ദിസനായകെ, പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ മുൻകാല ആശയവിനിമയങ്ങൾ അനുസ്മരിക്കുകയും ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനത്തിനും ശ്രീലങ്ക തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ദിത്വ ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ നൽകിയ ദുരിതാശ്വാസ സഹായങ്ങൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുനർനിർമ്മാണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ന്യൂഡൽഹി നീക്കിവെച്ച സമഗ്ര പുനരധിവാസ പാക്കേജിനും പ്രസിഡന്റ് ദിസനായകെ നന്ദി അറിയിച്ചു.
ശ്രീലങ്കയുടെ ഏറ്റവും അടുത്ത സുഹൃത്തും അയൽരാജ്യവും എന്ന നിലയിൽ അടിയന്തര ഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമായി സഹായം നൽകുന്നത് ഔദാര്യമായല്ല, മറിച്ച് ഉത്തരവാദിത്തമായാണ് ഇന്ത്യ കരുതുന്നതെന്നും ഭാവിയിലും അത് തുടരുമെന്നും രക്ഷാമന്ത്രി എടുത്തുപറഞ്ഞു.
ഇന്ത്യൻ പ്രതിരോധ സേന നിർമ്മിച്ച മൂന്ന് ബെയ്‌ലി പാലങ്ങൾ ഇരു നേതാക്കളും വെർച്വലായി ഉദ്ഘാടനം ചെയ്തു.
ശ്രീലങ്കൻ വ്യോമസേനയ്ക്കായുള്ള L70 തോക്കുകളുടെ നവീകരണത്തിനും ഇരു രാജ്യങ്ങളുടെയും നാഷണൽ കേഡറ്റ് കോർപ്പ്സ് (എൻസിസി), നാഷണൽ ഡിഫൻസ് കോളേജുകൾ (എൻഡിസി) എന്നിവ തമ്മിലുള്ള സഹകരണത്തിനുമുള്ള ധാരണാപത്രഞങ്ങളും ഇരുപക്ഷവും കൈമാറി.
ഇന്ത്യ മുൻപ് ശ്രീലങ്കയ്ക്കു നല്കിയ ഈ വ്യോമ പ്രതിരോധ തോക്കുകളുടെ നവീകരണം ശ്രീലങ്കയിലെ നിർണായക ആസ്തിക ളുടെ വ്യോമ പ്രതിരോധ സംവിധാനത്തെ ഗണ്യമായി ശക്തിപ്പെടുത്തും.
ഇന്ത്യൻ എൻഡിസിയും ശ്രീലങ്കൻ എൻഡിസിയും തമ്മിലുള്ള അക്കാദമിക സഹകരണത്തിനായുള്ള ധാരണാപത്രം അറിവ് പങ്കുവെക്കുന്നതിന് വഴിയൊരുക്കും.
ഇത് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള അക്കാദമിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന ചുവടുവയ്പാകും. എൻ.സി.സി സഹകരണ ത്തിനായുള്ള ധാരണാ പത്രം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള എൻ.സി.സി യൂത്ത് എക്സ്ചേഞ്ച് പരിപാടിക്ക് ഔദ്യോഗിക രൂപം നൽകും. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ എൻ.സി.സി കേഡറ്റുകൾക്ക് എല്ലാ വർഷവും ന്യൂഡൽഹിയിൽ വരാനും എൻസിസി പരിപാടികളിൽ പങ്കെടുക്കാനും ഈ എക്സ്ചേഞ്ച് പ്രോഗ്രാം മികച്ച അവസരമാണൊ രുക്കുന്നത്.



