യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ വീസാ നിയമം
യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ വീസാ നിയമം. റസിഡന്റ് വീസയുള്ളവര്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ 3 മാസ സന്ദര്‍ശക വീസ ലഭിക്കും. ഇതിനായി റസിഡന്റ് വീസയുള്ളവര്‍ 1000 ദിര്‍ഹം നിക്ഷേപമായി നല്‍കണം. ഈ പണം തിരികെ ലഭിക്കും. കൂടാതെ താമസ വീസയുള്ളവര്‍ക്ക് 3 മാസ വീസയില്‍ സുഹൃത്തുക്കളെയും കൊണ്ടുവരാനും അവസരമുണ്ട്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി മൂന്ന് മാസ വീസ വേണമെന്നുള്ളവര്‍ ജിഡിആര്‍എഫ്എ വെബ്‌സൈറ്റിലോ ആമര്‍ ടൈപ്പിങ് സെന്റര്‍ വഴിയോ നേരിട്ട് അപേക്ഷ നല്‍കണം. കൂടാതെ ബിസിനസ് പെര്‍മിറ്റ്, തൊഴില്‍ തേടാനുള്ള എന്‍ട്രി പെര്‍മിറ്റ്, ഗ്രീന്‍ വീസ നടപടികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, രോഗികളെ അനുഗമിക്കാനുള്ള പെര്‍മിറ്റ് എന്നിവയ്ക്ക് ജിഡിആര്‍എഫ്എ വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാം. അതേസമയം ട്രാവല്‍ ഏജന്‍സി വഴിയുള്ള അപേക്ഷകളില്‍ 3 മാസ വീസ ലഭിക്കുന്നില്ലെന്ന് ഏജന്‍സികള്‍ അറിയിച്ചു. ഇതിനിടെ വീസ ചട്ടം ലംഘിച്ച് യു.എ.ഇയില്‍ അനധികൃതമായി കഴിയുന്നവര്‍ക്ക് ആശ്വാസകരമായി രേഖകള്‍ ശരിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഈ മാസം 27 വരെ ദേര സിറ്റി സെന്ററിലാണ് ഇതിനായി പ്രത്യേക സൗകര്യമൊരുക്കുക. ദുബായ് കുടിയേറ്റ വകുപ്പാാണ് അനധികൃത താമസക്കാര്‍ക്കായി മൂന്ന് ദിവസത്തെ അവസരം നല്‍കിയത്. എ ഹോം ഫോര്‍ ഓള്‍’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്ത് വര്‍ഷമായി അനധികൃതമായി തങ്ങുന്നവരാണെങ്കില്‍ പോലും ധൈര്യപൂര്‍വം ഈ ക്യാമ്പയിനിലേക്ക് കടന്നുവരാമെന്ന് അധികൃതര്‍ അറിയിച്ചു.