ദുരിതാശ്വാസനിധി തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിക്കും, തെറ്റായ പ്രവണത അനുവദിക്കില്ല- മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായ വിതരണത്തില്‍ തെറ്റായ ഒരു പ്രവണതയും കടന്നുകൂടുന്നത് അനുവദിക്കില്ല എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയില്‍നിന്നും അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കും, മുഖ്യമന്ത്രി വ്യക്തമാക്കി.തട്ടിപ്പിനു പിന്നില്‍ സംഘടിതമായ ഒരു പ്രവര്‍ത്തനമുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഇന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പരിശോധനയിലാണ് ക്രമക്കേടുകള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നിരവധി ജില്ലകളില്‍ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തി. കൊല്ലം ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കും, മനോജ് എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *