കേരളത്തിലൊഴികെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് സുപ്രീം കോടതി
കേരളത്തിലൊഴികെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് സുപ്രീം കോടതി. 2017ൽ യു.പി നിയമസഭയിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പ്രസ്താവന.രാജ്യത്ത് ആരും സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കാറില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടപ്പോൾ ജസ്റ്റിസ് നാഗരത്ന ഒരു പക്ഷേ കേരളത്തിലൊഴികേ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു.നാമനിർദേശ പത്രികയിൽ ഹർഷ് വർധൻ ബാജ്പേയി വിദ്യാഭ്യാസ യോഗ്യതയും സ്വത്തുക്കളും തെറ്റായി നൽകിയെന്ന് ചൂണ്ടികാട്ടി കോൺഗ്രസ് മുൻ എം.എൽ.എ അനുഗ്രഹ് നാരായൺ സിങാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.2007ലെയും 2012ലെയും തെരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാലയിൽ നിന്ന് ബി.ടെക് ഉണ്ടെന്നും 2006ൽ ദൽഹി സർവകലാശാലയിൽ എം.ബി.എ ഉണ്ടെന്നും ഹർഷ് വർധൻ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വർഷങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും എം.ബി.എയുടെയും ബി.ടെകിന്റെയും കാലഘട്ടം ഒന്നാണെന്നും ഹരജിയിൽ പറയുന്നു.