ഓണം വാരാഘോഷം: ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി പി സി വിഷ്ണുനാഥ്

Spread the love

ഓണത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് മുന്നിൽ പൂർണ്ണമായി എത്തിക്കുന്ന രീതിയിലുള്ള അനുഭവമാക്കി ഇത്തവണത്തെ ഓണം വാരാഘോഷത്തെ മാറ്റുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. വിനോദസഞ്ചാരികൾക്ക് പൂക്കളമിടാനും ഓണക്കളികളിൽ പങ്കാളികളാകാനും സദ്യ ആസ്വദിക്കാനും അനുഷ്ഠാന കലാരൂപങ്ങൾ കാണാനുമുള്ള അവസരം ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നിശാഗന്ധിയിൽ ഒരു മണിക്കൂർ സമയം പടയണി, തെയ്യം, തോൽപ്പാവക്കൂത്ത് തുടങ്ങിയ അനുഷ്ഠാനകലകൾക്ക് വേണ്ടി മാത്രമായി മാറ്റിവയ്ക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പരിപാടികൾ നടത്തിയ വേദികൾ നിലനിർത്തിക്കൊണ്ടും പുതിയവ കൂട്ടിച്ചേർത്തും വിപുലമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണാഘോഷങ്ങൾക്ക് ദേശീയതലത്തിൽ കൂടുതൽ പ്രചാരണം നൽകുന്നതിന്റെ ഭാഗമായി തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരെ കൊണ്ടുവരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.ആഗസ്റ്റ് 24 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കും. പരിപാടിയുടെ വിജയത്തിനായി ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ എം വിൻസെന്റ്, ജി ആർ അനിൽ, വി ജോയി, മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, ജില്ലാ കളക്ടർ അനു കുമാരി, കമ്മീഷണർ അരുൾ ആർ ബി കൃഷ്ണ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *