‘സുരക്ഷ’ വിദ്യാർത്ഥി അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം സർവകലാശാല രജിസ്ട്രാർ (ഇൻ-ചാർജ്) ഗോപിൻ ജി. യും നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധികളും കൈമാറുന്നു.

Spread the love

വിദ്യാർത്ഥികൾക്കുള്ള ‘സുരക്ഷ’ ഇൻഷുറൻസ് പദ്ധതി:
നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ച് കെ ടി യു

എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) യുടെ കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ‘സുരക്ഷ’ ഗ്രൂപ്പ് പേഴ്സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതി 2026–27 അധ്യയന വർഷത്തിൽ നടപ്പാക്കുന്നതിനായി സർവകലാശാലയും നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

രജിസ്ട്രാർ (ഇൻ-ചാർജ്) ഗോപിൻ ജി. യും നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ചീഫ് ബിസിനസ് മനേജർ രതീഷ് കെ കെ യുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.

‘സുരക്ഷ’ പദ്ധതിയിലൂടെ ഓരോ വിദ്യാർത്ഥിക്കും പരമാവധി ₹12 ലക്ഷം വരെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദ്യാർത്ഥിയുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ 5 ലക്ഷം രൂപ നോമിനിക്ക് ലഭിക്കും. അപകടത്തിന് ശേഷമുള്ള ചികിത്സക്കും അപകടങ്ങൾ മൂലം വിദ്യാർത്ഥിക്കോ രക്ഷിതാവിനോ ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യത്തിനും ഒരു ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. ആശുപത്രിവാസത്തിന് ശേഷമുള്ള 30 ദിവസത്തെ ചികിത്സാ ചെലവുകളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.ടി.യു. ‘സുരക്ഷ’ പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. സിസ തോമസ് പറഞ്ഞു.

ഇൻഷുറൻസ് കമ്പനി നൽകുന്ന പരിരക്ഷ കൂടാതെ വിവിധ രോഗങ്ങൾക്കുള്ള ചികിത്സ സഹായവും ഏതെങ്കിലും രോഗങ്ങൾ മൂലം വിദ്യാർത്ഥിയുടെ മരണം സംഭവിച്ചാൽ നോമിനിക്കുള്ള 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സർവകലാശാല തുടർന്നും ലഭ്യമാക്കുന്നതാണ്.

പബ്ലിക് റിലേഷൻസ് ഓഫീസർ

Leave a Reply

Your email address will not be published. Required fields are marked *