ആര്യനാട് ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : ആര്യനാട് പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്ഥാപനത്തിലെ സിസിടിവി ക്യാമറകളിൽ സ്പ്രേ പെയിന്റ് അടിച്ച് ദൃശ്യങ്ങൾ മറച്ച ശേഷമാണ് മോഷ്ടാവ് പൂട്ട് പൊളിച്ച് അകത്ത് കടന്നത്.
തുടർന്ന് ലോക്കൽ, പ്രീമിയം കൗണ്ടറുകളിലെ മേശകളും ഡ്രോയറുകളും തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റിൽ നിന്ന് പണം നഷ്ടപ്പെട്ടതായി ഇതുവരെ വിവരമില്ല. എന്നാൽ, ചില മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൃത്യമായ നഷ്ടം സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഔട്ട്‌ലെറ്റ് അടച്ചിട്ടിരിക്കുകയാണ്.വിവരമറിഞ്ഞ് ആര്യനാട് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ തൊട്ടുപിന്നിലുള്ള കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തിന് സമീപം വരെ ചെന്നുനിന്നു.ഈ സ്ഥാപനത്തിൽ നടക്കുന്ന രണ്ടാമത്തെ മോഷണമാണിതെന്ന് അധികൃതർ വ്യക്തമാക്കി. മുൻപ് നടന്ന മോഷണങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.

