സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവ്: ഇന്നും നാളെയും ലോഡ്ഷെഡിംഗ് ഉണ്ടായേക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന് ആശ്വാസകരമായ മാറ്റങ്ങൾ. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത വർധിച്ചതും പീക്ക് സമയത്തെ ആവശ്യകത കുറഞ്ഞതും മൂലം ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്ന് മന്ത്രിയുടെ ഓഫീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഇന്നലെ 43.02 ദശലക്ഷം യൂണിറ്റായി ഉയർന്നിട്ടുണ്ട്. ഇതിനുപുറമേ, പവർ എക്സ്ചേഞ്ചിൽ കൂടുതൽ വൈദ്യുതി ലഭ്യമാകുകയും വില കുറയുകയും ചെയ്തതും, മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ (കടമായി) ലഭിച്ചതും ആശ്വാസമായി. സംസ്ഥാനത്ത് മഴ പെയ്തതിനെ തുടർന്ന് പീക്ക് സമയത്തെ വൈദ്യുതാവശ്യകതയിൽ 400 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്.ബാഹ്യ സ്രോതസ്സുകളിൽ നിന്നുള്ള ലഭ്യത ഉയർന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസം 7.28 ദശലക്ഷം യൂണിറ്റായി കുത്തനെ കുറച്ചു. ജലം സംഭരിച്ചുവെക്കാൻ ഇത് സഹായിക്കും. നിലവിലെ അനുകൂല സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.


