വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്

Spread the love

വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്

യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സർവീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകി വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് ഈ മാസം 30ന് ​ഗതാഗത മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തുന്നതാണ് യാത്ര. ദിവസത്തിൽ രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും തുടക്കത്തിൽ ഒരു സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. സിയാലിന്റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് ആദ്യഘട്ട സർവീസ്. ഒരേസമയം 24 യാത്രക്കാർക്ക് സഞ്ചാരത്തിന് സൗകര്യമുണ്ടാകും.

ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് സമയമെടുക്കുക. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ വൈകിട്ട് ആറര വരെയുമാണ് രണ്ട് സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. ടൂറിസം സർവീസിന്റെ ഭാഗമായി ബോട്ട് കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്കായി അര മണിക്കൂർ നേരം കായൽ കാഴ്ചകൾ കാണാനായി സഞ്ചരിക്കും. തിരികെ ബോട്ട് കഠിനംകുളം ജെട്ടിയിൽ എത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്.

വേളിയിൽ നിന്നും ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽ നിന്നും കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽ നിന്നും കഠിനംകുളത്തേക്ക് 80 രൂപയുമാണ് സാധാരണ യാത്രക്കാരുടെ നിരക്ക്. എന്നാൽ വിനോദസഞ്ചാരികൾക്ക് വേളിയിൽ നിന്നും കഠിനംകുളത്ത് പോയി തിരികെ വരുന്നതിന് 400 രൂപയാണ് ഈടാക്കുക. 11 വയസിന് മുകളിലുള്ളവർക്കാണ് ഈ നിരക്കുകൾ മുഴുവനായും ബാധകമാവുക. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് യഥാർത്ഥ നിരക്കിന്റെ 50 ശതമാനം നൽകിയാൽ മതിയാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *