കുമ്മാട്ടി തേടിയെത്തിയ പ്രേമലേഖനം; ജാപ്പനീസ് ഡോക്യുമെന്ററിയിലൂടെ ഓർമ്മിക്കപ്പെട്ട് ജി. അരവിന്ദൻ

Spread the love

കുമ്മാട്ടി തേടിയെത്തിയ പ്രേമലേഖനം; ജാപ്പനീസ് ഡോക്യുമെന്ററിയിലൂടെ ഓർമ്മിക്കപ്പെട്ട് ജി. അരവിന്ദൻ

ജി. അരവിന്ദന്റെ ‘കുമ്മാട്ടി’ എന്ന സിനിമയെ ഒരു ‘നിധി’യെന്ന് വിശേഷിപ്പിച്ച ജാപ്പനീസ് ചലച്ചിത്ര നിരൂപകൻ സാതോ തദാവോയുടെ വാക്കുകളിൽ ഒളിഞ്ഞിരുന്ന അത്ഭുതം തേടിയാണ് സംവിധായിക മിസുഹോ തെരസാക്കി കേരളത്തിലേക്കെത്തുന്നത്. സാതോ തദാവോ എന്ന നിരൂപകന്റെ ജീവിതത്തെയും അദ്ദേഹത്തിന് മലയാള സിനിമയോടുണ്ടായിരുന്ന ആഴത്തിലുള്ള പ്രണയത്തെയും ആധാരമാക്കി തെരസാക്കി ഒരുക്കിയ ‘ജേർണി ഇൻടു സാതോ തദാവോ’ (Journey into Sato Tadao) എന്ന ഡോക്യുമെന്ററി, ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

സാതോ തദാവോയെ അഭിമുഖം ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ കുമ്മാട്ടി സ്നേഹം തെരസാക്കി തിരിച്ചറിയുന്നത്. കുമ്മാട്ടിയുടെ മാന്ത്രിക യാഥാർത്ഥ്യവും അരവിന്ദന്റെ മാറിക്കൊണ്ടിരിക്കുന്ന സിനിമാ ഭാഷയും അത്ഭുതപ്പെടുത്തിയെന്ന് തെരസാക്കി പറയുന്നു. കുമ്മാട്ടിയുടെ ചിത്രീകരണ സ്ഥലമായ കാസർകോട്ടെ ചീമേനി ഗ്രാമത്തിലെത്തി സംവിധായകൻ ഷാജി എൻ. കരുണിനെയും ചിത്രത്തിലെ ബാലനടനെയുമെല്ലാം നേരിൽ കണ്ട് തെരസാക്കി അനുഭവങ്ങൾ പങ്കിട്ടിരുന്നു.

ജപ്പാനിൽ നിന്ന് കേരളത്തിലേക്കുള്ള ഒരു പ്രേമലേഖനമായാണ് തെരസാക്കി തൻ്റെ ചിത്രത്തെ കാണുന്നത്. കേരളത്തിലെ യുവജനതയുടെ സിനിമയോടുള്ള അഭിനിവേശവും ചലച്ചിത്ര സംസ്കാരവും തനിക്ക് പുതിയൊരു അനുഭവമായിരുന്നുവെന്നും, ചോറുണ്ണുന്ന ശീലം പോലെ ഇരു സംസ്കാരങ്ങളും തമ്മിൽ എളുപ്പത്തിൽ ഇഴുകിച്ചേരുന്ന അനുഭവമാണ് ഇവിടെ ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *