ജാതി രാഷ്ട്രീയം മുതൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം വരെ; മേളയെ സജീവമാക്കി മീറ്റ് ദി ഡയറക്ടർസ്
ജാതി രാഷ്ട്രീയം മുതൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം വരെ; മേളയെ സജീവമാക്കി മീറ്റ് ദി ഡയറക്ടർസ്
ജാതി രാഷ്ട്രീയം മുതൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം വരെ, ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായി ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടി. നിർമ്മിത ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകർ ആശങ്ക രേഖപ്പെടുത്തി. എന്നാൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഭാവനാപൂർണമായ ദൃശ്യങ്ങൾ അനായാസം ഉണ്ടാക്കാമെന്നത് ചലച്ചിത്രങ്ങളുടെ നിർമ്മാണം എളുപ്പമാക്കുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
കോമ്പറ്റിഷൻ ഷോർട് ഡോക്യൂമെന്ററി വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ സംവിധായകർ ഉൾപ്പെടെ പതിനൊന്നു സംവിധായകരാണ് സെഷനിൽ പങ്കെടുത്തത്. കൈരളി പോർട്ടിക്കോയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. കാതറിൻ തോമസ് മോഡറേറ്ററായി.
ഓരോ ഡോക്യൂമെന്ററിക്ക് പിന്നിലും വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും ഗവേഷണങ്ങളും ഉണ്ടെന്നും ഐ ഡി എസ് എഫ് എഫ് കെ നൽകുന്ന അവസരങ്ങൾ വലിയ പ്രോത്സാഹനം നൽകുന്നുവെന്നും സംവിധായകൻ രാഹുൽ സൂദ് അഭിപ്രായപ്പെട്ടു. ബൗൾവാർഡ് ദി റോയൽ റൂട്ട് എന്ന ഡോക്യൂമെന്ററിയുടെ സംവിധായകനാണ് അദ്ദേഹം.
അറ്റ് റീൽസ് എൻഡ് ന്റെ സംവിധായിക മാളവിക വി എൻ, സിനിമ മേഖലയിൽ എഐ യുടെ കടന്നു വരവ് സൃഷ്‌ടിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു. ഫ്രണ്ട്‌സ് ഓഫ് ജിലിപിബാല എന്നാ ചിത്രത്തിന് പിന്നിലെ 12 വർഷം നീണ്ട ചിത്രീകരണത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച സംവിധായിക ദെബലീന മജുംദാർ, വികസനം പ്രകൃതിയിലേൽപ്പിക്കുന്ന ആഴമേറിയ മുറിവുകളെക്കുറിച്ചും അതില്ലാതാകുന്ന ആവാസവ്യവസ്ഥയെ കുറിച്ചും സംസാരിച്ചു.
തുഷാർ ജയിനിന്റെ ചിത്രം സോങ് ഓഫ് മൈ മദർസ് സോൾ, അഫ്ര കെ ബക്കറിന്റെ ചിത്രം മദർസ് വാർഡ്രോബ് എന്നിവ മാതൃത്വത്തെ കുറിക്കുന്ന ചർച്ചകൾക്കും വഴിവെച്ചു. ആളുകൾ തങ്ങൾക്ക് കാണിച്ചു കൊടുക്കുന്നത് മാത്രം കാണാൻ ആഗ്രഹിക്കുന്നവരാണെന്നും, അപരിചിതമായ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നമ്മളെല്ലാം ഒരർത്ഥത്തിൽ അന്ധരാണെന്നും അൻഹദ്: എ വേ ഓഫ് ലുക്കിംഗ് എന്ന ചിത്രത്തിന്റെ സംവിധായകൻ സയ്യിദ് അഹമ്മദ് റുഫായി പറഞ്ഞു.
ഫ്രണ്ട് ഓഫ് ദി ഫയർഫ്‌ളൈസിന്റെ സംവിധായകരായ സൗരവ് മുഖർജീ, അന്തരാ ബാനർജീ, ഹോളി ഹ്യൂമൻസിന്റെ സംവിധായകൻ രാജീവ് കുശ്വാഹ, എ വിർച്വസ് വുമണിന്റെ സംവിധായകൻ അജയ് കിഷോർ, ഷോ ജോസ് ടേണിന്റെ സംവിധായകൻ വിനൂ ചോലിപ്പറമ്പിൽ എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു.




