തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ അഭിവാദ്യം സ്വീകരിച്ചു. പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ നാല് ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് സ്‌പോർട്‌സ് ഹവിൽദാർമാർ, 10 മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾമാർ എന്നിവരടക്കം 16 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പ്രതിജ്ഞയെടുക്കൽ ചടങ്ങാണ് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്നത്.
പാസിംഗ് ഔട്ട് പരേഡ്: എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ അഭിവാദ്യം സ്വീകരിച്ചു
തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ അഭിവാദ്യം സ്വീകരിച്ചു. പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ നാല് ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് സ്‌പോർട്‌സ് ഹവിൽദാർമാർ, 10 മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾമാർ എന്നിവരടക്കം 16 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പ്രതിജ്ഞയെടുക്കൽ ചടങ്ങാണ് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടന്നത്.
പോലീസ് ട്രെയിനിംഗ് ലഭിച്ച എല്ലാവർക്കും ഏത് ജീവിത സാഹചര്യത്തിലും ജീവിക്കാൻ കഴിയുമെന്നും പരിശീലനത്തിലൂടെ ലഭിച്ച അറിവും പരിചയവും കൃത്യനിർവഹണത്തിൽ പ്രായോഗികമാക്കണമെന്നും എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. തെറ്റുകൾ മനുഷ്യസഹജമാണെങ്കിലും ഒരു വർഷത്തെ ട്രെയിനിംഗ് കഴിഞ്ഞവർ തെറ്റ് വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കാര്യക്ഷമമായി ജോലി ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവരവരുടെ വീട്ടുകാർ മാനസികമായ പിൻതുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്‌കാരവിതരണവും അദ്ദേഹം നിർവഹിച്ചു.
മികച്ച ഓൾ റൗണ്ടറായി ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷെയ്ഫും, മികച്ച ഔട്ട്‌ഡോറായി ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ ജോയൽ എം.ജെയും ബെസ്റ്റ് ഷൂട്ടറായി മൗണ്ടഡ് പോലീസ് കോൺസ്റ്റബിൽ അനുപം എം.ആറും തിരഞ്ഞെടുക്കപ്പെട്ടു. സേനാംഗങ്ങൾക്ക് പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻസിപ്പൽ എസ്. അജയകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ആംഡ് പോലീസ് ബറ്റാലിയൻ ഡി.ഐ.ജി ഹരിശങ്കർ, ഡി.ഐ.ജിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ഡോ.അരുൾ ആർ.ബി കൃഷ്ണ, സ്‌പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ കമാഡന്റ് യോഗേഷ് മന്ദയ്യ, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ജയശങ്കർ ആർ, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എസ്.പി ഇ.എൻ സുരേഷ്, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സേനാംഗങ്ങളുടെ ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.