പിഎംശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറുക :പിഡിപി സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തും

Spread the love

പിഎംശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറുക :
പിഡിപി സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തും

തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറുക, സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്ന ഗവര്‍ണറുടെ നീക്കത്തെ ചെറുക്കുക , സംഘ്പരിവാര്‍ നോമിനികളെ പദവികളില്‍ പ്രതിഷ്ഠിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പിഡിപി നേതൃത്വത്തില്‍ ജൂണ്‍ 29 തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ ഇരും കയ്യും നീട്ടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിന്റെ മതനിരപേക്ഷതക്ക് അപകടകരമായ ഭീഷണി ഉയര്‍ത്തുന്നതാണ്. പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ല എന്ന് ജനങ്ങള്‍ക്ക് വാക്ക് കൊടുത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നിലപാട് മാറ്റം ജനങ്ങളോടുള്ള വഞ്ചനയും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സംഘ്പരിവാറുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രത്യുപകാരവുമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണം നടത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. സര്‍വകലാശാലകളെ യഥേഷ്ടം നിയന്ത്രിക്കുന്ന ഗവര്‍ണറുടെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഇത് അനുവദിച്ച് കൊടുത്താല്‍ സംസ്ഥാനത്തിന്റെ ജനാധിപത്യ അവകാശത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിച്ച് പിടിമുറുക്കും. വൈസ് ചാന്‍സലര്‍മാരുടെ നിയമനം, സെനറ്റ് അംഗങ്ങളുടെ തെരഞ്ഞെുപ്പ്, അധ്യാപക നിയമനത്തിലൊക്കെ സംഘ്പരിവാര്‍ നോമിനികളെയാണ് പരിഗണിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും സുപ്രധാന പദവികളിലേക്ക് സംഘ്പരിവാര്‍ സഹയാത്രികരെ നിയമിച്ച് കാവിവല്‍ക്കരണത്തിന് ഒത്താശ്ശ ചെയ്തുകൊടുക്കുകയാണ്. മുഖ്യമന്ത്രി വിഡി സതീശന്‍ സംഘ്പരിവാറുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം പരസ്യമാക്കപ്പെടുന്ന നിലയിലാണ് സര്‍വ്വ മേഖലകളിലും ആര്‍ എസ് എസ് പിടിമുറുക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പിഎംശ്രീ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ സമിതി സംസ്ഥാനത്തിന്റെ സാമ്പത്തീക താല്പര്യങ്ങളേക്കാള്‍ മതനിരപേക്ഷതക്ക് മുന്‍ഗണന നല്‍കി പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, സെക്രട്ടറിയേറ്റ് അംഗം നടയറ ജബ്ബാര്‍, ജില്ല പ്രസിഡന്റ് അഷറഫ് നഗരൂര്‍, സെക്രട്ടറി നിയാസ് വര്‍ക്കല തുടങ്ങിയവര്‍ പങ്കെടുത്തു.

എന്ന്,
മൈലക്കാട് ഷാ
ജനറല്‍ സെക്രട്ടറി
പി.ഡി.പി. സംസ്ഥാന കമ്മിറ്റി
90482 00774

Leave a Reply

Your email address will not be published. Required fields are marked *