കേരളം ബൂത്തിലെത്താന്‍ ഇനി ആറു നാളുകള്‍, പ്രചാരണം ഊര്‍ജ്ജിതം; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്; മോദി നാളെ വീണ്ടുമെത്തും

Spread the love

തിരുവനന്തപുരം: കേരളം ഇനി ആരു ഭരിക്കണമെന്ന് വിധിയെഴുതാന്‍ ഇനി ആറു നാളുകള്‍ മാത്രം. അടുത്ത ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. തങ്ങളുടെ താരപ്രചാരകരെ കഴിയുന്നത്ര എല്ലാ മണ്ഡലങ്ങളിലുമെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികളുടെ നീക്കം. എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണം നടത്തും.ഭരണം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ഇടതുമുന്നണി തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പിണറായി വിജയന്‍ എത്തിയിരുന്നു. സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി, പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ഇന്ന് പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി വീണ്ടും പ്രചാരണത്തിനെത്തുന്നതോടെ, മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവർത്തകർ ആവേശത്തിലാണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രചാരണത്തില്‍ സജീവമായിട്ടുണ്ടായിരുന്നു. പ്രിയങ്കാഗാന്ധിയും, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രചാരണത്തിനെത്തി. പത്തു വര്‍ഷത്തെ ഇടതുമുന്നണി ഭരണം തകര്‍ത്ത് അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രപ്രയത്‌നത്തിലാണ് ഐക്യജനാധിപത്യമുന്നണി. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ആവേശത്തില്‍, സംസ്ഥാനത്ത് വീണ്ടും നിയമസഭയിലേക്ക് മികച്ച വിജയം ഉറപ്പിക്കാനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *