ഗൾഫ് രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി! പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അറബ് രാഷ്ട്രങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയറിയിച്ചു. തന്റെ 132-ാം ‘മൻ കി ബാത്ത്’ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ മേഖലയിൽ കഴിയുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും സുരക്ഷാ സൗകര്യങ്ങളും നൽകുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിക്കുന്ന പിന്തുണയെ അദ്ദേഹം പ്രകീർത്തിച്ചു. അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട ഇന്ധനപ്രതിസന്ധിയെയും യുദ്ധം സൃഷ്ടിച്ച ആശങ്കകളെയും രാജ്യം കരുതലോടെയാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷം ആഗോളതലത്തിൽ എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. യുദ്ധവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഭരണകൂടം നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ സർക്കാർ നൽകുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി മുന്നോട്ട് പോകണമെന്നും മോദി ഓർമ്മിപ്പിച്ചു.

