തമിഴക രാഷ്ട്രീയത്തിൽ പോരാട്ടം മുറുകുന്നു! വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും, ടിവികെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

Spread the love

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും. ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ചെന്നൈയിൽ നടന്ന വൻ റാലിയിൽ ‘സി. ജോസഫ് വിജയ്’ എന്ന പേരിൽ തന്റെ സ്ഥാനാർത്ഥിത്വം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. പ്രധാന പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും മറ്റ് രാഷ്ട്രീയ ശക്തികൾക്ക് പ്രസക്തിയില്ലെന്നും വിജയ് റാലിയിൽ വ്യക്തമാക്കി.പ്രമുഖർ ഉൾപ്പെട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും വിജയ് പുറത്തുവിട്ടു. ടി നഗറിൽ ബുസി ആനന്ദ്, വില്ലിവാക്കത്ത് ആധവ് അർജുന, ഗോപിചെട്ടിപാളയത്ത് കെ.എ. സെങ്കോട്ടയ്യൻ, തിരുച്ചെങ്കോട് അരുൺരാജ് ഐആർഎസ്, തിരുപ്പരൻകുന്ത്രത്ത് സിടിആർ നിർമൽകുമാർ എന്നിവർ മത്സരരംഗത്തുണ്ടാകും. സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരും അഴിമതിക്കറ പുരളാത്തവരുമാണ് തന്റെ സ്ഥാനാർത്ഥികളെന്ന് വിജയ് അവകാശപ്പെട്ടു. ഓരോ സ്ഥാനാർത്ഥിക്കും നൽകുന്ന വോട്ട് തനിക്ക് നൽകുന്നതിന് തുല്യമാണെന്നും തമിഴ്‌നാടിന്റെ ശോഭനമായ ഭാവിക്കായി ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നും അദ്ദേഹം അണികളോട് അഭ്യർത്ഥിച്ചു.ലഹരിമുക്ത തമിഴ്‌നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപയുടെ സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെക്കുന്നത്. ഡിഎംകെയുടെ കോട്ടയായി അറിയപ്പെടുന്ന പെരമ്പൂരിലും കഴിഞ്ഞ തവണ ഡിഎംകെ വലിയ ഭൂരിപക്ഷം നേടിയ തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് നേരിട്ട് ഇറങ്ങുന്നത് ഭരണകക്ഷിക്ക് വലിയ വെല്ലുവിളിയാകും. 1967-ന് ശേഷം എഐഎഡിഎംകെ വെറും രണ്ട് തവണ മാത്രം ജയിച്ച പെരമ്പൂരിൽ വിജയ്‍യുടെ വരവ് തമിഴ് രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *