ഓട്ടോ ഡ്രൈവർ പത്ത് ലക്ഷം തട്ടിയെടുത്ത് വഴിയിൽ തള്ളി’, തട്ടിപ്പ് നാടകവുമായി വയോധിക; കള്ളി പൊളിച്ച് പൊലീസ്

Spread the love

ട്രഷറിയിൽ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന അറുപതുകാരിയുടെ പരാതിയിൽ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയിൽനിന്നും ഓഫീസിൽനിന്നും കണ്ടെടുത്തു. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ആര്യനാട് വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് (60) പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി നാടകം കളിച്ചത്.വെള്ളനാട്ട് വച്ച് ബുധനാഴ്ച രാവിലെ 11.30-ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളനാട് ട്രഷറിയിൽ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവർ ആക്രമിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഓട്ടോയിൽനിന്നു തള്ളിയിട്ടശേഷം കടന്നുകളഞ്ഞെന്നുമായിരുന്നു ഓമനയുടെ പരാതി. റോഡിൽ കിടന്നിരുന്ന ഇവരെ നാട്ടുകാർ അറിയിച്ച പ്രകാരം എത്തിയ പൊലീസ് വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.ആര്യനാടുനിന്ന് ഓട്ടോയിൽ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്കാണ് ഡ്രൈവർ ആക്രമിച്ചതെന്നായിരുന്നു ഓമന പറഞ്ഞത്. സാഹചര്യങ്ങളിൽ സംശയം തോന്നിയ പൊലീസ് സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ആരോപണത്തിന് ശക്തിപകരുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല. തുടർന്ന് ഓമനയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്.ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ഇവർ പൊലീസിനോടു സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ തുക കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *