ഭിന്നശേഷി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

Spread the love

വരുന്നു മോഡൽ ഓട്ടിസം കോംപ്ലക്സുകൾ

ഭിന്നശേഷി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

ഇൻക്ലൂസീവ് എഡ്യൂക്കേഷൻറെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ
വ്യക്തിഗത പഠനത്തിനും തെറാപ്പിക്കും മുൻഗണന നൽകുന്ന രീതിയിലാണ് മോഡൽ ഓട്ടിസം കോംപ്ലക്സുകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ അവരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ കഴിയുമെന്നും ‘ മോഡൽ ഓട്ടിസം കോംപ്ലക്സു’കളുടെ സംസ്ഥാനതല നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.

സർക്കാർ വിദ്യാലയങ്ങളിൽ പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഓരോ അക്കാദമിക് വർഷവും ആരംഭത്തിൽ തന്നെ അധ്യാപകരുടെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും നേതൃത്വത്തിൽ സ്ക്രീനിംഗ് ടൂൾ ഉപയോഗിച്ച് ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകിവരുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ 168 ബി.ആർ.സികൾക്ക് കീഴിലായി ഓട്ടിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഓട്ടിസം സ്പെക്ട്രം ഡിസോഡർ വിഭാഗത്തിലെ കുട്ടികൾക്കായി കൂടുതൽ ആധുനികമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 14 ജില്ലകളിലും സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ‘മോഡൽ ഓട്ടിസം കോംപ്ലക്സുകൾ’ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഈ കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായ ആർക്കിടെക്‌ചറൽ തത്വങ്ങൾ പാലിച്ചായിരിക്കും രൂപകൽപ്പന ചെയ്യുന്നത്. ബാരിയർഫ്രീ പ്രവേശനം, മതിയായ വെളിച്ചവും വായുസഞ്ചാരവും, സുരക്ഷിതമായ പ്രവർത്തന മേഖലകൾ എന്നിവ ഇതിന്റെ പ്രത്യേകതകളായിരിക്കും.
പ്രത്യേക ക്ലാസ് മുറികൾക്ക് പുറമെ സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സെൻസറി ഇൻ്റഗ്രേഷൻ എന്നിവയ്ക്കുള്ള ആധുനിക തെറാപ്പി മുറികളും അസ്സസ്സ്മെൻ്റ്, കൗൺസലിംഗ് സൗകര്യങ്ങളും ലഭ്യമായിരിക്കും. കുട്ടികൾക്ക് പുറമെ മാതാപിതാക്കൾക്കുള്ള പരിശീലന സൗകര്യങ്ങളും മൾട്ടിപർപ്പസ് ഹാളുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

ഒരു മോഡൽ ഓട്ടിസം കോംപ്ലക്സ് നിർമ്മിക്കുന്നതിനായി 2 കോടി 70 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. പാങ്ങോട് ഗവ. എൽ.പി.എസിൽ നടന്ന ചടങ്ങിൽ എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ ആർ സുപ്രിയ, ആർക്കിടെക്ട് ജി ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *