കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് വലിയ അളവിൽ കഞ്ചാവ് മിഠായി ഒഴുകുന്നു

Spread the love

കൊച്ചി : കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് വലിയ അളവിൽ കഞ്ചാവ് മിഠായി ഒഴുകുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വർണക്കടലാസിൽ പൊതിഞ്ഞ് കഞ്ചാവ് മിഠായി എത്തുന്നത്. കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ കൊച്ചിയിൽ നിന്ന് മാത്രം പലതവണയാണ് ഇവ പിടികൂടിയത്. കഞ്ചാവ് കലർന്ന 40 കിലോ മിഠായിയുമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ കർണാടക സ്വദേശികളായ പിതാവും മകനും പിടിയിലായതോടെ അന്വേഷണം വിപുലമാക്കാനാണ് പോലീസ് തീരുമാനം. കർണാടക ബെൽഗാം സ്വദേശികളായ ഷെട്ടപ്പ (46), മകൻ അഭിഷേക് (18) എന്നിവരെയാണ് കളമശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടിയത്. പുണെയിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾക്കൊപ്പം ഇവർ കഞ്ചാവ് കലർന്ന മിഠായികളും എത്തിച്ചത്. പത്ത് രൂപക്ക് വിൽക്കുന്ന മിഠായിയുടെ 40 എണ്ണം അടങ്ങുന്ന പാക്കറ്റുകളാണ്.ഉണ്ടായിരുന്നത്. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് എത്തിച്ചതെങ്കിലും ആർക്ക് വേണ്ടിയാണ് ഇവ കടത്തിയതെന്നത് വ്യക്തമല്ല. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസും എക്സൈസും. ച്യൂയിംഗം പോലുള്ള മിഠായികളുമായി ബിഹാർ സ്വദേശികളാണ് നേരത്തേ പലതവണ പിടിയിലായത്. ട്രെയിൻ മാർഗം മറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾക്കൊപ്പമാണ് ഇവ എത്തിയത്. ഇത്തരം മിഠായികൾ സ്‌കൂളുകൾക്കരികിലുള്ള പെട്ടിക്കടകളും മറ്റും വഴിയാണ് വിൽപ്പന നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. ആയുർവേദ മരുന്നെന്ന പേരിലാണത്രേ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മിഠായിയുടെ നിർമാണം നടക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവ എത്തിക്കുന്നതെന്നാണ് പിടിയിലായവർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ബംഗ്ലാദേശിൽ നിന്നും എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *