ഐപിആർഡിജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ്13 ഫെബ്രുവരി 2026

Spread the love

പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. നേമം നിയോജകമണ്ഡലത്തിലെ തിരുമല, മങ്കാട് ​ഗവ എല്‍.പി സ്‌കൂളിലെ വര്‍ണകൂടാരം പദ്ധതിയുടെയും സ്‌കൂളിന്റെ 84-ാമത് വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മങ്കാട് എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയ 900 കോടി രൂപയുടെ വിപുലമായ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മങ്കാട് സ്‌കൂളിലും നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 100 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 19 സ്‌കൂളുകള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി 54.76 കോടി വിനിയോഗിച്ചുവെന്നത് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഉറച്ച ചുവടുവെപ്പാണ്. നേമം താലൂക്ക് ആശുപത്രി വികസനം, പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയുടെ നവീകരണം തുടങ്ങി ആരോഗ്യ മേഖലയില്‍ 55 കോടി രൂപയുടെ വികസനമാണ് നടന്നത്. മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 290 കോടി രൂപയും ആറ് പുതിയ പാലങ്ങള്‍ക്കായി 67 കോടി രൂപയും അനുവദിച്ചു.

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വര്‍ണ്ണക്കൂടാരം പദ്ധതി. വെറുമൊരു കെട്ടിടം പണിയുക എന്നതിന് ഉപരി കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പഠന സാഹചര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1500ലധികം പ്രീ-പ്രൈമറി സ്‌കൂളുകളെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായതെന്നും മന്ത്രി പറഞ്ഞു.

ഒരു കാലത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഹൈടെക് ക്ലാസ് റൂമുകളും വന്നതോടെ ലക്ഷക്കണക്കിന് കുട്ടികളാണ് പൊതു വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍.എസ്.എല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ നജീബ്, എസ്.എസ്.കെ ഡിപിഒ ബിന്ദു ജോണ്‍സ്.ബി, എഇഒ രാജേഷ് ബാബു വി, സ്കൂൾ പ്രഥമാധ്യാപിക സുനിജ എസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *