തിരുവനന്തപുരത്ത് അഖിലേന്ത്യാ പണിമുടക്ക് റാലി സംഘടിപ്പിച്ചു.
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയും ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ഫെബ്രുവരി 12 ൻ്റെ ദേശീയ പണിമുടക്ക് തിരുവനന്തപുരം ജില്ലയിൽ സമ്പൂർണ്ണമായിരുന്നു. എ ഐ യു റ്റി യു സി സിറ്റിയിൽ പണിമുടക്ക് റാലിയും പൊതുയോഗവും നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന യോഗം എ ഐ യു റ്റി യു സി അഖിലേന്ത്യ വൈസ് പ്രസിഡിൻ്റ് ആർ. കുമാർ ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി തൊഴിലാളി വർഗ്ഗം ജീവൻ നൽകി പൊരുതി നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാക്കാനുള്ള കിരാത നയങ്ങളാണ് നാല് ലേബർ കോഡുകൾ വഴി കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയിരിക്കുന്നത്. ഇതിനെതിരെ തൊഴിലാളികളുടെയും കർഷകരുടേയും യോജിച്ച വൻപ്രക്ഷോഭത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. ഇന്നത്തെ പണി മുടക്കും അതിൻ്റെ ഭാഗമാണെന്ന് ആർ. കുമാർ പറഞ്ഞു. ആശ സമര നേതാവ് എസ്. മിനി , എ ഐ ഡി വൈ ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.വി പ്രകാശ്, അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി കെ.എം ബീവി വിവിധ യൂണിയൻ നേതാക്കളായ കമന പ്രസാദ്, അശോകൻ, ശശി പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.

