മുച്ചക്ര സ്‌കൂട്ടറുകൾ വിതരണം ചെയ്തു11/02/2026പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരം ഉറപ്പാക്കുന്നതിനോടൊപ്പം അവരുടെ സാമുഹിക സാമ്പത്തിക പങ്കാളിത്തവും തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ത്രീ-വീലർ യുട്ടിലിറ്റി സ്‌കൂട്ടർ ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 18 ഭിന്നശേഷിക്കാർക്കാണ് മുച്ചക്ര സ്‌കൂട്ടറുകൾ വിതരണം ചെയ്തത്. ഭിന്നശേഷിക്കാരായ പിന്നാക്ക വിഭാഗക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി സർക്കാർ സ്വീകരിക്കുന്ന നടപടിയുടെ ഭാഗമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിന്റെ ആദ്യഗഡു വിതരണവും മന്ത്രി നിർവഹിച്ചു.കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ നവീകരിച്ച മേഖലാ ഓഫീസിന്റെ ഉദ്ഘാടനവും, രണ്ടാംഘട്ട നവജീവൻ പദ്ധതിയുടെയും കുടിശ്ശിക നിവാരണ യജ്ഞം 2026 ന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.വെള്ളയമ്പലം അയ്യൻകാളി ഭവന സമുച്ചയത്തിൽ വച്ച് നടന്ന പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശികൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ ജാസി ഗിഫ്റ്റ്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ. ജയഡാളി എം.വി, മൺപാത്ര നിർമ്മാണ വിപണന ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സുഭാഷ് ബോസ്, വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ് എന്നിവർ സംബന്ധിച്ചു.