വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ 104.87 കോടി രൂപ പുതിയ അക്കൗണ്ടുണ്ടാക്കി സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചു

Spread the love

വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ 104.87 കോടി രൂപ പുതിയ അക്കൗണ്ടുണ്ടാക്കി സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചു. ബോര്‍ഡ് ആസ്ഥാനം എറണാകുളം കലൂരില്‍ ആണെന്നിരിക്കെ തൃശൂര്‍ മണ്ണുത്തിയില്‍ സ്വകാര്യ ബാങ്ക് ശാഖയില്‍ അക്കൗണ്ടുണ്ടാക്കി നിക്ഷേപം നടത്തിയതിലും ദുരൂഹത. ഇന്ന് കോഴിക്കോട് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി, പി. ഉബൈദുല്ല എം.എല്‍.എ, എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ചെയര്‍മാന്റെ കാലത്ത് നടന്ന നിക്ഷേപം സംബന്ധിച്ച വിഷയം ചര്‍ച്ചയായവുന്നത്. വഖഫ് ബോര്‍ഡിന്റെ പുതിയ ചെര്‍മാന്‍ അഡ്വ.എം.കെ സക്കീറിന്റെ അധ്യക്ഷതയിലാണ് ഇന്ന്് യോഗം നടക്കുന്നത്.ദേശീയ പാത വികസനത്തിനായി വഖഫ് ഭൂമി വിട്ടുനല്‍കിയതിന് ലഭിച്ച നഷ്ടപരിഹാര തുകയാണ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ സ്വകാര്യ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടത്. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ 68 വഖഫുകള്‍ക്ക് നഷ്ടപരിഹാരമായി 104.87 കോടി രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ തുകയാണ് സ്വകാര്യ ബാങ്കിന്റെ തൃശൂര്‍ മണ്ണുത്തിയിലെ ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് ശേഷവും ബോര്‍ഡിലേക്ക് എത്തിയ തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തെ വഖഫ് ബോര്‍ഡിന്റെ ഫണ്ടുകള്‍ എറണാകുളത്തുള്ള കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് അക്കൗണ്ട് തുടങ്ങിയതും നിക്ഷേപം നടത്തിയതും. എസ്.ബി.ഐയുടെ മ്യൂച്ചല്‍ ഫണ്ടില്‍ 2017 കാലത്ത് പലതവണയായി നിക്ഷേപിച്ച് 14.33 കോടി രൂപയും 2023 മേയ് 25 ന് ബോര്‍ഡ് തീരുമാനമില്ലാതെ പിന്‍വലിച്ച് സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതായും വിവരമുണ്ട്. മ്യൂച്ചല്‍ ഫണ്ട് എസ്.ബി.ഐയില്‍ ആരംഭിച്ചതും വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്താണ്. എന്നാല്‍ ഇത് പിന്‍വലിച്ചതോ വകമാറ്റിയിട്ടതോ ബോര്‍ഡില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡ് അംഗങ്ങള്‍ കത്ത് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്റെ കാലത്തെ ഈ നടപടികള്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *