ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതല്‍ 25 വരെഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കും
ഫെബ്രുവരി 23 മുതല്‍ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കി പ്രദര്‍ശനം
കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 23 മുതല്‍ 25 വരെ തിരുവനന്തപുരത്ത് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി മേഖലയിലെ വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടക്കും.
ശുചിത്വം, മാലിന്യസംസ്കരണം, ജലസുരക്ഷ, കൃഷി, പരിസ്ഥിതി പുനസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, ഊര്‍ജ്ജം, ഗതാഗതം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകള്‍, മനുഷ്യ-വന്യമൃഗ സംഘര്‍ഷം, പ്രകൃതി പുനസ്ഥാപനവും മാധ്യമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം, പാനല്‍ചര്‍ച്ച, വിദഗ്ധരുടെ പ്രതികരണങ്ങള്‍ എന്നിവയാണ് സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണം. രണ്ട് സമാന്തരവേദികളിലായി നടക്കുന്ന 18 സെഷനുകളില്‍ 73 പ്രബന്ധാവതരണങ്ങള്‍ നടക്കും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഇതോടൊപ്പം ഉണ്ടാകും. ഫെബ്രുവരി 23 മുതല്‍ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കി അറുപതിലധികം സ്റ്റാളുകളിലായി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ദേശീയ തലത്തിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എൻ. സീമ അറിയിച്ചു.

