ജപ്തി നടപടിയിലൂടെ പുറത്താക്കിയ കുടുംബത്തെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരികെ വീട്ടിൽ പ്രവേശിപ്പിച്ചു
ആര്യനാട്/പറണ്ടോട് ജനുവരി 9
പറണ്ടോട് കാനറ ബാങ്കിൽ നിന്നും 2019ൽ 11 ലക്ഷം രൂപ വായ്പ എടുക്കുകയും കഴിഞ്ഞ ഒന്നര വർഷമായി അപകടത്തെത്തുടർന്ന് വായ്പ കുടിശ്ശിക വരുകയും ചെയ്തതിനെ തുടർന്ന് പറണ്ടോട് തെങ്ങുവിളയിൽ നഹാസിനെയും 5 മാസം പ്രായമുള്ള കൈകുഞ്ഞിനെയും പ്രായം ചെന്ന കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ളവരെ പുറത്താക്കിയതിനെതിരെ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്ത് വന്നു.
കഴിഞ്ഞദിവസമാണ് സംഭവം ഉണ്ടായത് കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് സ്ഥലത്തെത്തിയ ബാലാവകാശ കമ്മീഷൻ അംഗം ഡോ: F. വിൽസൺ, കാനറ ബാങ്ക് ജനറൽ മാനേജർ സുനിൽകുമാർ, കോൺഗ്രസ് നേതാവ് മീനാങ്കൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ചന സജിത്, വൈ: പ്രസിഡണ്ട് രാഹുൽ, കെ.കെ.രതീഷ്, ഷാമില ബീഗം എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 5 ലക്ഷത്തോളം രൂപ ഇളവ് നൽകി വായ്പ അടച്ച് പൂർത്തിയാക്കാൻ സാവകാശം നൽകി.വീടിൻ്റെ താക്കോൽ ബാങ്ക് അധികൃതർ കൈമാറി കുടുംബാംഗങ്ങളെ തിരികെ വീട്ടിൽ പ്രവേശിപ്പിച്ചു.
പാവപ്പെട്ട കുടുംബങ്ങളെ ജപ്തിയിലൂടെ കുടിയൊഴിപ്പിക്കുകയില്ല എന്ന സർക്കാരിൻ്റെ തീരുമാനങ്ങൾ പാഴ്‌വാക്കുകളായി മാറുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് പറണ്ടോട് സംഭവിച്ചത്. കൈക്കുഞ്ഞിനേയും വൃദ്ധ മാതാവിനെയും പൂട്ടുപൊളിച്ച് വീട്ടുസാധനങ്ങൾ പുറത്തിട്ട് വൈദ്യുതി ഓഫാക്കി ക്രൂരമായ നിലയിൽ കുടിയിറക്കിയ സംഭവങ്ങൾ ഇനി ഒരിടത്തും ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് മീനാങ്കൽ കുമാർ അധികൃതരോട് ആവശ്യപ്പെട്ടു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധത്തിന് നേതാക്കളും ജനപ്രതിനിധികളുമായ മണ്ണാറം പ്രദീപ്,ഷൗക്കത്ത്, സതീർ, അജു.കെ.മധു, ഷാഫി,കരിപ്പാലം സുരേഷ്,വിനോദ്, സുകേഷ്,ശ്രീജ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

