യുഎസിലെ മെയ്ന്‍ സംസ്ഥാനത്ത് ലെവിസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: യുഎസിലെ മെയ്ന്‍ സംസ്ഥാനത്ത് ലെവിസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. വെടിവയ്പ്പില്‍ അറുപതോളം പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്.സ്‌കീംഗീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ റെസ്റ്റോറന്റ്, സ്‌പെയര്‍ടൈം റിക്രിയേഷന്‍, പേര് ഇപ്പോഴും സ്ഥിരീകരിക്കാത്ത മറ്റൊരിടം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടന്നതെന്ന് ലെവിസ്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നീളന്‍ കൈയുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് റൈഫിള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവര്‍ണറും സ്ഥിരീകരിച്ചു. വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ജാനറ്റ് മില്‍സിന്റെ നിര്‍ദേശം. അതേസമയം ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. വീടിനുള്ളില്‍ വാതില്‍ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം.