ശബരിമല സ്വർണക്കൊള്ള കേസ്; സ്മാർട്ട് ക്രിയേഷൻ സിഇഒയെ വീണ്ടും ചോദ്യം ചെയ്തു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ടാരിയെയും രണ്ട് ജീവനക്കാരെയും എസിഐടി (ACIT) വീണ്ടും ചോദ്യം ചെയ്തു. രാത്രിയോടെ ജീവനക്കാരെ വിട്ടയച്ചെങ്കിലും, കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് എസിഐടി അറിയിച്ചു. നിലവിൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡിലെ എല്ലാവരുടെയും മൊഴിയെടുക്കും. കൂടാതെ, പത്മകുമാറിന്റെ ബോർഡ് അംഗങ്ങളെ ഈ ആഴ്ച വീണ്ടും മൊഴിയെടുക്കാൻ എസിഐടി വിളിപ്പിക്കുന്നുണ്ട്. ദ്വാരപാലകപാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയത് ബോർഡിന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്നാണ് തന്ത്രിയുടെ മൊഴി. അതേസമയം, പി.എസ്. പ്രശാന്തിന്റെ കാലത്തെ സ്വർണം പൂശൽ നിലവിൽ എസിഐടി അന്വേഷണ പരിധിയിലില്ല.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. പാളികൾ കൈമാറിയതിലെ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കൊല്ലം വിജിലൻസ് കോടതി വീണ്ടും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശിൽപ്പ കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

